
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാൻ നടത്തിയത് മികച്ച പ്രകടനമെന്ന് ടീം നായകൻ ഹസ്മത്തുള്ള ഷാഹിദി. ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചത് നിരാശയായി. നല്ലൊരു മത്സരമായിരുന്നു. ഒരു ഘട്ടത്തിൽ അഫ്ഗാന് 300ലധികം റൺസ് അടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഓസീസ് നന്നായി പന്തെറിഞ്ഞതോടെ അഫ്ഗാൻ നിരയ്ക്ക് 270ലെത്താനെ സാധിച്ചുള്ളു. പിന്നാലെ ഓസ്ട്രേലിയ നന്നായി ബാറ്റും ചെയ്തു. ഇതിൽ നിന്നും അഫ്ഗാന് ഏറെ പഠിക്കാനുണ്ട്. ഷാഹിദി പ്രതികരിച്ചു.
സിദ്ദിഖുല്ല അടലിന്റെയും അസ്മത്തുള്ള ഒമർസായി എന്നിവരുടെ പ്രകടനത്തെ ഷാഹിദി അഭിനന്ദിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ അടലിന്റെ പ്രകടനം മികച്ചതായിരുന്നില്ല. എന്നാൽ ശക്തമായ തിരിച്ചുവരവിന് താരത്തിന് സാധിച്ചു. അടലിനെ സംബന്ധിച്ചടത്തോളം ഇത് ആദ്യ ഐസിസി ടൂർണമെന്റാണ്. ഒമർസായി മികച്ച താരമാണ്. എപ്പോഴും അഫ്ഗാനായി മികച്ച പ്രകടനമാണ് ഒമർസായി നടത്തുന്നത്. എന്നാൽ ഈ ദിവസം തനിക്ക് മോശമായിരുന്നു. തന്റെ ബാറ്റിങ്ങ് എവിടെയാണ് പരാജയപ്പെട്ടതെന്നതിൽ പരിശീലകനുമായി സംസാരിക്കും. അടുത്ത ദിവസം ഇംഗ്ലണ്ട് വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും ഷാഹിദി വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിയിലെ ഓസ്ട്രേലിയ– അഫ്ഗാനിസ്ഥാൻ മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 273 റൺസിൽ എല്ലാവരും പുറത്തായി. 95 പന്തിൽ മൂന്ന് സിക്സുകളും ആറ് ഫോറുകളും ഉൾപ്പടെ 85 റൺസെടുത്ത സിദ്ദിഖുല്ല അടലാണ് അഫ്ഗാന്റെ ടോപ് സ്കോറർ. അവസാന പന്തുകളിൽ തകർത്തടിച്ച അസ്മത്തുല്ല ഒമർസായിയുടെ ഇന്നിങ്സ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 63 പന്തുകൾ നേരിട്ട അസ്മത്തുല്ല 67 റൺസെടുത്തു പുറത്തായി. അഞ്ച് സിക്സുകളും ഒരു ഫോറുമാണ് താരം ഓസീസിനെതിരെ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തപ്പോഴാണ് മഴ വില്ലനായെത്തിയത്. ട്രാവിസ് ഹെഡ് 40 പന്തിൽ 59 റൺസുമായി ക്രീസിലുണ്ടായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. നാല് പോയിന്റുമായി ഓസ്ട്രേലിയ സെമിയിലുമെത്തി. അഫ്ഗാനും ദക്ഷിണാഫ്രിക്കയ്ക്കും ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റുണ്ട്. എന്നാൽ നെറ്റ് റൺറേറ്റിൽ ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. ഇന്ന് ഇംഗ്ലണ്ടിനെതിരെ വലിയ തോൽവി ഉണ്ടായില്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താം.
Content Highlights: Shahidi hopes Afghan's performance in CT2025 was up to the mark