പാകിസ്താൻ പുറത്തായെന്നത് സമ്മതിച്ചു, അതെന്താ ഇംഗ്ലണ്ടിനെ കുറിച്ച് ആരും മിണ്ടാത്തത്; പാകിസ്താൻ മുൻ ക്യാപ്റ്റൻ

ആരും ഇംഗ്ലണ്ടിനെ വിമർശിക്കുന്നില്ലെന്നും എല്ലാവരും പാക് ടീമിനെ പരിഹസിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു

dot image

സ്വന്തം മണ്ണിൽ പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന ഐസിസി ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാതെ പുറത്തായ പാകിസ്താൻ ടീമിനെതിരെ വലിയ വിമർശനവും പരിഹാസവുമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. ഇതിനിടെ പാകിസ്താൻ ടീമിനെ അമിതമായി വിമർശിക്കുന്നതിരെ വ്യത്യസ്ത നിരീക്ഷണവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ പാകിസ്താൻ ക്യാപ്റ്റൻ അസിഫ് ഇഖ്ബാല്‍.

'പാകിസ്താൻ ടീം പുറത്തായത് ശരി തന്നെയാണ്, എന്നാൽ ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട ഇംഗ്ലീഷ് ക്രിക്കറ്റ് ചാംപ്യൻസ് ട്രോഫിയിൽ സമ്പൂർണ പരാജയമായിട്ടും ആരും ഇംഗ്ലണ്ടിനെ വിമർശിക്കുന്നില്ലെന്നും എല്ലാവരും പാക് ടീമിനെ പരിഹസിക്കുന്ന തിരക്കിലാണെന്നും അസിഫ് ഇഖ്ബാല്‍ പറഞ്ഞു.

പാകിസ്താൻ ടീമിന് സമാനമായാണ് ഇംഗ്ലണ്ടും തുടക്കം തന്നെ മടങ്ങിയത്. ഓസ്‌ട്രേലിയയോടും പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റാണ് ഇംഗ്ലണ്ട് പുറത്തായിരിക്കുന്നത്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അവര്‍ അവസാന മത്സരം കളിക്കാനിറങ്ങുന്നുണ്ട്. ഇന്ന് ജയിച്ചാലും ഇംഗ്ലണ്ടിന് സെമിയിലേക്ക് പ്രവേശിക്കാനാവില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാന്‍ ടൂർണമെന്റിൽ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ബംഗ്ലദേശിനെതിരായ അവസാന മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഉപേക്ഷിച്ചു. വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റായിട്ടും ഒരു വിജയമോ മികച്ച വ്യക്തിഗത പ്രകടനങ്ങളോ കാഴ്ച വെക്കാൻ പാകിസ്താനായില്ല.

Content Highlight: Why is no one talking about English cricket, former pak cricket captian

dot image
To advertise here,contact us
dot image