
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പുറത്തായതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ വിവാദങ്ങളും തർക്കങ്ങളും രൂക്ഷമാവുകയാണ്. ഇപ്പോഴിതാ പാക് ക്രിക്കറ്റിന്റെ മോശം പ്രകടനം പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല. ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് അഭ്യർഥിക്കുമെന്ന് രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല പറഞ്ഞു.
ഒരു പാക് മാധ്യമത്തോട് സംസാരിക്കവെയാണ് ടീമിന്റെ മോശം പ്രകടനം പാർലമെന്റിലെത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തന്നെ വ്യക്തമാക്കിയത്. ‘പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. അവർക്കു താൽപര്യമുള്ളപോലെ പ്രവര്‍ത്തിക്കാം. ഈ പ്രകടനത്തെക്കുറിച്ച് പാർലമെന്റിലും ഫെഡറൽ ക്യാബിനറ്റിലും സംസാരിക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കും.’ റാണ സനാവുല്ല വ്യക്തമാക്കി.
‘ക്രിക്കറ്റിൽ കുറെ കാലങ്ങളായി നമ്മൾ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ക്രിക്കറ്റ് ബോർഡിൽ വർഷങ്ങളായി നടക്കുന്ന മാറ്റങ്ങളാണ് അതിന് കാരണം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെലവാക്കുന്ന പണത്തിന്റെ കണക്ക് രാജ്യത്തിന് അറിയണം. മെന്റർമാർക്കൊക്കെ അഞ്ച് മില്യൻ ആണ് പ്രതിഫലം. ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു അറിവുമില്ലെന്ന് ഇവരൊക്കെ അംഗീകരിച്ചു കഴിഞ്ഞു. അപ്പോൾ ജോലി ചെയ്യാതെ അവർ പ്രതിഫലം പറ്റുകയാണ്' റാണ സനാവുല്ല കുറ്റപ്പെടുത്തി.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാന്‍ ടൂർണമെന്റിൽ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ബംഗ്ലദേശിനെതിരായ അവസാന മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഉപേക്ഷിച്ചു. വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റായിട്ടും ഒരു വിജയമോ മികച്ച വ്യക്തിഗത പ്രകടനങ്ങളോ കാഴ്ച വെക്കാൻ പാകിസ്താനായില്ല.
Content Highlights: pakistan cricket failure in to pak parliament