ശ്രേയസിന് ഫിഫ്റ്റി, അഞ്ച് വിക്കറ്റ് വീഴ്ത്തി ഹെന്റി; കിവീസിന് മുന്നില്‍ 250 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

98 പന്തില്‍ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

dot image

ചാംപ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 250 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. 98 പന്തില്‍ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തി.

30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. സ്‌കോര്‍ 15ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രോഹിത്തും (15) കോഹ്ലിയും (11) മടങ്ങി. കരിയറിലെ 300 ഏകദിനം അവിസ്മരണീയമാക്കാനുള്ള കോഹ്ലിയുടെ മോഹം പൂവണിഞ്ഞില്ല.

പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - അക്സര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി ഒരു ഭാഗം കാത്തതോടെയാണ് ഇന്ത്യ ട്രാക്കിലായത്. താരം 4 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സെടുത്തു.

അക്സര്‍ പട്ടേല്‍ 42 റണ്‍സ് കണ്ടെത്തി ശ്രേയസിന് മികച്ച പിന്തുണ നല്‍കി. 61 പന്തുകള്‍ നേരിട്ട അക്സര്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കമാണ് 42 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേർത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഹാര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടികളും ഇന്ത്യന്‍ സ്‌കോര്‍ 249ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ഹാര്‍ദിക് 45 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി 45 റണ്‍സ് അടിച്ചെടുത്തു.

കെഎല്‍ രാഹുല്‍ (23), രവീന്ദ്ര ജഡേജ (16), മുഹമ്മദ് ഷമി (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കിവീസിന് വേണ്ടി മാറ്റ് ഹെൻ‍റി 5 വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, വില്‍ ഓറൂര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

Content Highlights: Champions Trophy 2025: India set a target of 250 runs for New Zealand

dot image
To advertise here,contact us
dot image