കിവീസിനെ കറക്കിവീഴ്ത്തി, ചക്രവർത്തിക്ക് 5 വിക്കറ്റ്; ഇന്ത്യയ്ക്ക് ആവേശജയം

അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ന്യൂസിലാന്‍ഡിനെ എറിഞ്ഞൊതുക്കിയത്

dot image

ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവേശവിജയം. ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ 44 റണ്‍സിനാണ് കിവിപ്പടയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 250 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ന്യൂസിലാന്‍ഡിനെ 45.3 ഓവറില്‍ 205 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ന്യൂസിലാന്‍ഡിനെ എറിഞ്ഞൊതുക്കിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 120 പന്തില്‍ 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ന്യൂസിലാന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍.

നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. 98 പന്തില്‍ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തി. അക്സര്‍ പട്ടേല്‍ 42 റണ്‍സ് കണ്ടെത്തി ശ്രേയസിന് മികച്ച പിന്തുണ നല്‍കി. ഹാര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടികളും ഇന്ത്യന്‍ സ്‌കോര്‍ 249ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ഹാര്‍ദിക് 45 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി 45 റണ്‍സ് അടിച്ചെടുത്തു. കിവീസിന് വേണ്ടി മാറ്റ് ഹെൻ‍റി 5 വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, വില്‍ ഓറൂര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

വൺഡൗണായി ക്രീസിലെത്തിയ കെയ്ൻ വില്യംസൺ മാത്രമാണ് ന്യൂസിലാൻഡിന് വേണ്ടി പൊരുതിയത്. രചിന്‍ രവീന്ദ്ര (6), വില്‍ യങ് (22), ഡാരില്‍ മിച്ചല്‍ (17), ടോം ലാഥം (14), ഗ്ലെന്‍ ഫിലിപ്‌സ് (12), മൈക്കല്‍ ബ്രേസ്‌വെല്‍ (2) എന്നിവര്‍ക്കൊന്നും തന്നെ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച വില്യംസ് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 31 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ ഇന്നിങ്സ് കിവികളുടെ പരാജയഭാരം കുറച്ചു.

ഇതോടെ ഗ്രൂപ് ചാംപ്യന്‍മാരായി സെമിയിലേക്ക് കടക്കുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയാണ് എതിരാളികള്‍. മാര്‍ച്ച് നാലിന് ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലാൻഡ് സെമി ഫൈനൽ.

Content Highlights: Champions Trophy 2025: Varun Chakravarthy helps India win by 44 runs vs New Zealand

dot image
To advertise here,contact us
dot image