നിങ്ങൾക്ക് ആള് മാറി ​ഗയ്സ്! കോഹ്‌ലിയുടെ ക്യാച്ചെടുത്ത ഗ്ലെന്‍ ഫിലിപ്സിനെതിരെ ഫാന്‍സ്, പക്ഷേ പിണഞ്ഞത് വൻ അബദ്ധം

വണ്‍ഡൗണായി ക്രീസിലെത്തി 14 പന്തില്‍ 11 റണ്‍സെടുത്ത കോഹ്ലിയെ ഗ്ലെന്‍ ഫിലിപ്‌സാണ് സ്റ്റണ്ണര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

dot image

ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കിയത് വാര്‍ത്തയായിരുന്നു. ഇടത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സിനെതിരെ ഇന്ത്യന്‍ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.

എന്നാല്‍ ഇതിനിടെ ചില ആരാധകര്‍ക്ക് വലിയ അബദ്ധം പിണഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ശരിക്കുമുള്ള ഗ്ലെന്‍ ഫിലിപ്‌സാണെന്നു കരുതി ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഫിലിപ്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് ചില കോഹ്‌ലി ഫാന്‍സ് കമന്റിട്ടത്.

'കോഹ്‌ലിയുടെ ക്യാച്ചെടുത്ത് നിങ്ങള്‍ തെറ്റുചെയ്തു', 'കര്‍മ നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും' ഇങ്ങനെ പോകുന്നു ഫിലിപ്‌സ് കമ്പനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍. ഈ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോഹ്‌ലിയുടെ ആരാധകരെയെല്ലാം നാണംകെടുത്തുന്നതിന് മുന്‍പ് കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കൂ എന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് ചില ആരാധകര്‍ പറയുന്നത്.

വണ്‍ഡൗണായി ക്രീസിലെത്തി 14 പന്തില്‍ 11 റണ്‍സെടുത്ത കോഹ്ലിയെ ഗ്ലെന്‍ ഫിലിപ്‌സാണ് സ്റ്റണ്ണര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. മാറ്റ് ഹെന്റി എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് ബാക്ക് വേര്‍ഡ് പോയിന്റില്‍ നില്‍ക്കുകയായിരുന്ന ഗ്ലെന്‍ ഫിലിപ്‌സ് പിറകിലേക്ക് സ്‌ട്രെച്ച് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് പറന്നുപിടിച്ചത്.

വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു കോഹ്ലി ഗാലറിയിലേക്ക് മടങ്ങിയത്. എന്തായാലും കോഹ്‌ലിയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ക്യാച്ച് ആയിരുന്നു ഗ്ലെന്‍ എടുത്തത് എന്ന് പറയാം. 0.62 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഗ്ലെന്‍ ഫിലിപ്സ് ആ ക്യാച്ചെടുത്തത്.

അതേസമയം ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുകയാണ് ന്യൂസിലാന്‍ഡ്. ന്യൂസിലാൻഡ് 41 ഓവറിൽ 169 റണ്ണെടുക്കുന്നതിനിടയിൽ 7 വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. 98 പന്തില്‍ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Content Highlights: Fans flood Philips company’s social media with comments after Virat Kohli’s dismissal

dot image
To advertise here,contact us
dot image