
ഇന്ത്യയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഗ്ലെൻ ഫിലിപ്സിന് പിന്നാലെ സ്റ്റണ്ണർ ക്യാച്ചുമായി ന്യൂസിലന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പുറത്താക്കിയ തകർപ്പൻ ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എട്ടാമനായി ക്രീസിലെത്തിയ ജഡേജ 20 പന്തിൽ 16 റൺസെടുത്താണ് പുറത്തായത്.
മത്സരത്തില്‍ മാറ്റ് ഹെന്റി എറിഞ്ഞ 46-ാം ഓവറില്‍ ഒറ്റക്കൈ കൊണ്ട് ജഡേജയെ പറന്ന് പിടിച്ചുകൊണ്ടാണ് വില്യംസണ്‍ കാണികളെ അമ്പരപ്പിച്ചത്. ബാക്ക് വേർഡ് പോയിന്റില്‍ നിന്നായിരുന്നു വില്യംസണിന്റെ ക്യാച്ച്. ഇടതുകയ്യിലാണ് താരം ക്യാച്ച് കൈക്കലാക്കിയത്.
And now Kane Williamson!
— Shrishti Pandey (@QuestContinues) March 2, 2025
This New Zealand team is a fielding beast.#INDvsNZ pic.twitter.com/9oTzz0Hotw
നേരത്തെ വിരാട് കോഹ്ലിയെ പുറത്താക്കി തകര്‍പ്പന്‍ ക്യാച്ചോടെ ഗ്ലെന്‍ ഫിലിപ്‌സ് സംസാരവിഷയമായിരുന്നു. വൺഡൗണായി ക്രീസിലെത്തി 14 പന്തിൽ 11 റൺസെടുത്ത കോഹ്ലിയെ ഗ്ലെൻ ഫിലിപ്സാണ് സ്റ്റണ്ണർ ക്യാച്ചിലൂടെ പുറത്താക്കിയത്. മാറ്റ് ഹെൻറി എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് ബാക്ക് വേർഡ് പോയിന്റിൽ നിൽക്കുകയായിരുന്ന ഗ്ലെൻ ഫിലിപ്സ് പിറകിലേക്ക് സ്ട്രെച്ച് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് പറന്നുപിടിച്ചത്.
വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു കോഹ്ലി ഗാലറിയിലേക്ക് മടങ്ങിയത്. എന്തായാലും കോഹ്‍ലിയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ക്യാച്ച് ആയിരുന്നു ഗ്ലെൻ എടുത്തത് എന്ന് പറയാം. 0.62 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഗ്ലെന്‍ ഫിലിപ്‌സ് ആ ക്യാച്ചെടുത്തത്.
അതേസമയം ഇന്ത്യ ഉയർത്തിയ 250 റൺസെന്ന വിജയലക്ഷ്യം പിന്തുടരുകയാണ് ന്യൂസിലാൻഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. 98 പന്തില്‍ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തി.
Content Highlights: IND vs NZ: Kane Williamson takes one-handed screamer to dismiss Ravindra Jadeja, Video Goes Viral