
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. മത്സരത്തിൽ വിജയിക്കുന്നവർ ഗ്രൂപ്പ് ചാംപ്യന്മാരാകും. എന്നാൽ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത് ചില കണക്കുകളാണ്. ന്യൂസിലാൻഡിനെതിരെ അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം.
2023 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ അവസാനമായി ഏകദിന ക്രിക്കറ്റിൽ ഏറ്റുമുട്ടിയത്. ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യൻ വിജയം 70 റൺസിനായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തു. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 48.5 ഓവറിൽ 327 റൺസിൽ എല്ലാവരും പുറത്തായി.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മറ്റൊരു പോരാട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 273 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യ 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതിന് മുമ്പ് 2023 ജനുവരിയിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടന്നിരുന്നു. മൂന്നിലും ഇന്ത്യയ്ക്കായിരുന്നു വിജയം.
Content Highlights: India vs New Zealand: Last 5 ODIs Results