'എന്റെ വിക്കറ്റാണ് മത്സരത്തിന്റെ വിധി മാറ്റിമറിച്ചത്, വിദർഭ ടീമിന് അഭിനന്ദനങ്ങൾ': സച്ചിൻ ബേബി

'ആ സമയത്ത് ടീമിനായി ഞാൻ ക്രീസിൽ തുടരണമായിരുന്നു. ലീഡ് നേടും വരെ ഞാൻ ടീമിനൊപ്പം വേണമായിരുന്നു'

dot image

രഞ്ജി ട്രോഫി കിരീടം നഷ്ടമായതിന് പിന്നാലെ പ്രതികരണവുമായി കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. 'വിദർഭ ടീമിന് അഭിനന്ദനങ്ങൾ. രഞ്ജി ട്രോഫിയുടെ ഫൈനൽ വരെയെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഈ ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ട്. എല്ലാ താരങ്ങളും ഒരുപാട് മികച്ച പ്രകടനം നടത്തി. ഫൈനലിൽ വിദർഭയേക്കാൾ കൂടുതൽ പിഴവുകൾ വരുത്തിയത് കേരള ടീമാണ്. എന്റെ വിക്കറ്റാണ് മത്സരഫലം മാറ്റിമറിച്ചത്. അതിന്റെ കുറ്റക്കാരൻ ഞാൻ മാത്രമാണ്. ആ സമയത്ത് ടീമിനായി ഞാൻ ക്രീസിൽ തുടരണമായിരുന്നു. ലീഡ് നേടും വരെ ഞാൻ ടീമിനൊപ്പം വേണമായിരുന്നു. സാധാരണപോലെയാണ് ഞാൻ കളിച്ചത്. എന്നാൽ അപ്രതീക്ഷിതമായി നിർഭാ​ഗ്യം കടന്നുവന്നു. അടുത്ത തവണ വിദർഭയെ കേരളം പരാജയപ്പെടുത്തും.' സച്ചിൻ ബേബി മത്സരശേഷം പ്രതികരിച്ചു.

രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ ആറ് വർഷത്തിന് ശേഷമാണ് വിദർഭ ജേതാക്കളാകുന്നത്. ഫൈനലിൽ കേരളത്തിനെതിരെ സമനില നേടിയതോടെയാണ് ഒന്നാം ഇന്നിം​ഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭ വീണ്ടും രഞ്ജി ട്രോഫി കിരീടം നേടുന്നത്. രഞ്ജിയിൽ വിദർഭയുടെ മൂന്നാം കിരീടമാണിത്. സ്കോർ വിദർഭ ആദ്യ ഇന്നിം​ഗ്സിൽ 379, കേരളം ആദ്യ ഇന്നിം​ഗ്സിൽ 342. വിദർഭ രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പതിന് 375.

അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായർ 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്ത് കരുൺ നായർ പുറത്തായി. ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്. ഇന്ന് ദർശൻ നലകാഡെ അർധ സെഞ്ച്വറി നേടി. നലകാഡെ അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇരുടീമിന്റെയും ക്യാപ്റ്റന്മാർ സമനിലയ്ക്ക് സമ്മതിച്ചത്.

കേരളത്തിനായി ആദിത്യ സർവതെ നാല് വിക്കറ്റുകൾ വീഴ്ത്തി. എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, നെടുമൻകുഴി ബേസിൽ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് കേരള ടീം രഞ്ജി ട്രോഫിയുടെ റണ്ണേഴ്സ് അപ്പാകുന്നത്.

Content Highlights: My wicket changed the momentum of the game said Sachin Baby

dot image
To advertise here,contact us
dot image