
ഇന്ത്യൻ നായകൻ രോഹിത് ശർമ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് സ്വയം മാറിനിന്നത് താരത്തിന്റെ പി ആർ സ്റ്റണ്ട് വർക്കല്ലെന്ന അഭിപ്രായപ്രകടനവുമായി മുൻ ഇന്ത്യൻ താരം അമിത് മിശ്ര രംഗത്ത്. ഫോമില്ലായ്മയെ തുടർന്ന് രോഹിത് പരമ്പരയിലെ അവസാന ടെസ്റ്റിൽ നിന്നും മാറിനിൽക്കുകയും ഇന്ത്യയെ ജസ്പ്രിത് ബുംമ്ര നയിക്കുകയുമായിരുന്നു.
അതിനു ശേഷം ഇന്ത്യൻ നായകനായ രോഹിത്തിനെ സപ്പോർട്ട് ചെയ്ത് ബോളിവുഡ് താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. ഇന്ത്യൻ നായകന്റേത് ധീരമായ തീരുമാനമെന്നായിരുന്നു ആ സമയത്ത് ഈ തീരുമാനത്തെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഇവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ചില ഫാൻസ് ഇത് രോഹിത്തിന്റെ പി ആർ സ്റ്റണ്ടായും വിമർശിച്ചിരുന്നു. ഇപ്പോഴിതാ രോഹിത് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന കമന്റുമായിട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിത് മിശ്ര.
അതൊരു പി ആർ ആക്ടിവിറ്റിയൊന്നുമല്ല. രോഹിത്തിന്റെ സ്വഭാവം അങ്ങനെ തന്നെയാണ്. അവനെ എനിക്ക് പെർസണലായി അറിയാം. അവൻ അങ്ങനെയൊരു പി ആർ വർക്ക് ചെയ്യുന്ന ആളേ അല്ല. മിശ്ര പറഞ്ഞതിങ്ങനെ. ഇതിനൊപ്പം ഈ ടീമിൽ നിലവിൽ രോഹിത്തിന് പകരം വെക്കാനാരാണ് ഉള്ളതെന്നും അമിത് മിശ്ര ചോദിച്ചു. നിങ്ങൾ പറയൂ, ഇപ്പോൾ ആരാണ് ടീമിൽ അവനേക്കാൾ മികച്ചവനായി ഉള്ളത്? അവനേക്കാൾ നന്നായി സമ്മർദഘട്ടങ്ങളെ കൈകാര്യം ചെയ്യുന്ന ഒരാളുടെ പേര് പറയൂ. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, രോഹിത് ടീമലുണ്ടെങ്കിൽ അത് അനുഗ്രഹമാണ്. മിശ്ര പറയുന്നു.
കഴിഞ്ഞ സെപ്തംബർ തൊട്ട് രോഹിത് ടെസ്റ്റിൽ മങ്ങിയ ഫോമിലാണ്. കഴിഞ്ഞ 15 ഇന്നിങ്സുകളിലായി 164 റൺസ് മാത്രമാണ് രോഹിത്തിന് ടെസ്റ്റിൽ സ്കോർ ചെയ്യാൻ കഴിഞ്ഞത്. അതിനൊപ്പം ഓസീസിനെതിരെയും ന്യൂസിലാൻഡിനെതിരെയും ഉള്ള പരമ്പരതോൽവികളോടെ ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കയറാനാവാതെ ടീം മടങ്ങുകയും ചെയ്തു.
content highlights: Rohit Sharma dropping himself vs Australia wasn't a PR stunt: Amit Mishra