
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിക്കുന്നു. അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിദർഭയുടെ സ്കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ വിദർഭയുടെ ലീഡ് 351 റൺസിലെത്തിയിട്ടുണ്ട്.
അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. രാവിലത്തെ സെഷനിൽ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്താൻ കേരളത്തിന് സാധിച്ചു. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരുടെ വിക്കറ്റാണ് വിദർഭയ്ക്ക് ആദ്യം നഷ്ടമാകുന്നത്. 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്ത് കരുൺ നായർ പുറത്തായി. ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്.
25 റൺസുമായി ക്യാപ്റ്റൻ അക്ഷയ് വഡേക്കർ നാല് റൺസുമായി ഹാർഷ് ദുബെ എന്നിവരെയും വിദർഭയ്ക്ക് നഷ്ടമായി. 24 റൺസോടെ അക്ഷയ് കാരണവർ ക്രീസിലുണ്ട്. കേരളത്തിനായി ആദിത്യ സർവതെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മത്സരത്തിന്റെ വിദർഭ ഒന്നാം ഇന്നിംഗ്സിൽ 379 റൺസാണ് നേടിയത്. മറുപടി പറഞ്ഞ കേരളം ഒന്നാം ഇന്നിംഗ്സിൽ 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.
Content Highlights: VID Lose 7 Wickets But Lead Over 350 Against KER