ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയത് 25 തവണ; 11ൽ ഇന്ത്യൻ വിജയം

1983 ലോകകപ്പിലാണ് ഇരുടീമുകളും ആദ്യം എറ്റുമുട്ടിയത്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ടൂർണമെന്റ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. ഇതിന് മുമ്പ് 25 തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഐസിസി ക്രിക്കറ്റ് ടൂർണമെന്റുകളിൽ നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 11 തവണ ഇന്ത്യയ്ക്കും 13 തവണ ഓസ്ട്രേലിയയ്ക്കും വിജയിക്കാനായി. ഒരു മത്സരത്തിന് ഫലമുണ്ടായില്ല.

ഏകദിന ലോകകപ്പിൽ 14 തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വന്നത്. ഇതിൽ അഞ്ചിൽ ഇന്ത്യയ്ക്കും ഒമ്പതിൽ ഓസ്ട്രേലിയയ്ക്കും വിജയിക്കാൻ കഴിഞ്ഞു. 1983 ലോകകപ്പിലാണ് ഇരുടീമുകളും ആദ്യം എറ്റുമുട്ടിയത്. ​ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടങ്ങളുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 172 റൺസിന് പരാജയപ്പെടുത്തി. എന്നാൽ രണ്ടാം മത്സരത്തിൽ കപിൽ ദേവിന്റെ ഇന്ത്യ ഓസീസിനെ 118 റൺസിന് തോൽപ്പിച്ചു.

1992ലെയും 1996ലെയും ലോകകപ്പുകളിൽ ഓസ്ട്രേലിയ ഇന്ത്യയെ ഒരു റൺസിന് തോൽപ്പിച്ചു. 1999ൽ ഇന്ത്യയ്ക്കെതിരെ 16 റൺസിന്റെ വിജയമായിരുന്നു ഓസീസ് നേടിയത്. 1999ൽ ഓസ്ട്രേലിയ ഇന്ത്യയെ 77 റൺസിന് പരാജയപ്പെടുത്തി. 2003ൽ ​ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പത് വിക്കറ്റിനും ഫൈനലിൽ 125 റൺസിനും ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു.

1983ന് ശേഷം 2011ലാണ് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ ഏകദിന ലോകകപ്പിൽ പരാജയപ്പെടുത്താൻ സാധിച്ചത്. ക്വാർട്ടറിൽ അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയം നേടി. 2015 ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 95 റൺസിന് പരാജയപ്പെട്ടു. 2019ലെ ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയയെ 36 റൺസിന് പരാജയപ്പെടുത്തി. 2023 ലോകകപ്പ് ​ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ വിജയം നേടിയപ്പോൾ ഫൈനലിൽ പരാജയപ്പെട്ടു.

ട്വന്റി 20 ലോകകപ്പിൽ ആറ് തവണ പരസ്പരം ഏറ്റുമുട്ടിയതിൽ നാലിലും ജയം ഇന്ത്യയ്ക്കായിരുന്നു. രണ്ടിൽ മാത്രമാണ് ഓസീസിന് വിജയിക്കാൻ കഴിഞ്ഞത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഒരു തവണ നേർക്കുനേർ വന്നപ്പോൾ ഓസീസിനായിരുന്നു ഇന്ത്യയ്ക്കുമേൽ വിജയം. ചാംപ്യൻസ് ട്രോഫിയിൽ നാല് തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വന്നത്. 1998ലും 2000ത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാൽ 2006ൽ ഓസ്ട്രേലിയ വിജയിച്ചു. 2009ലെ മത്സരത്തിൽ ഫലമുണ്ടായിരുന്നില്ല.

Content Highlights: 11 Wins, 13 Defeats And 1 Draw: India's Record In ICC Events Against Australia

dot image
To advertise here,contact us
dot image