
ചാംപ്യൻസ് ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ സെമിപോരാട്ടത്തിലെ മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി നേടിയത് ഒരുപിടി റെക്കോർഡുകൾ. മത്സരത്തിൽ 98 പന്തിൽ അഞ്ചു ബൗണ്ടറിയടക്കം 84 റൺസ് നേടിയ താരം ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി.
ചാംപ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ അർധ സെഞ്ച്വറി ഐസിസി ടൂര്‍ണമെന്‍റുകളിലെ കോലിയുടെ 24-ാമത് 50 പ്ലസ് സ്കോറാണ്. 53 ഇന്നിങ്സിൽ നിന്നാണ് ഇത്രയും അർധ ശതകങ്ങൾ നേടിയത്. 58 ഇന്നിങ്‌സുകളിൽ 23 തവണ അമ്പതോ അതിലധികമോ റണ്ണെടുത്തിട്ടുള്ള സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോഹ്‌ലി ഇന്ന് പിന്നിലാക്കിയത്.
ഇതിന് പുറമെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെകോർഡും കോലി സ്വന്തം പേരിലാക്കി. 10 മത്സരങ്ങളില്‍ നിന്ന് ശിഖര്‍ ധവാന്‍ നേടിയ 701 റണ്‍സാണ് കോഹ്‌ലി ഇന്ന് മറികടന്നത്. മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ കേമനാവുന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുമെത്തി.
ചാംപ്യൻസ് ട്രോഫി സെമി പോരാട്ടത്തിൽ ഓസീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുയാണ്. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. വിരാട് കോഹ്‌ലി (84), ശ്രേയസ് അയ്യർ( 45 ), കെ എൽ രാഹുൽ (42) ഹാർദിക് പാണ്ഡ്യ ( 28 ), രോഹിത് ശർമ (28) അക്‌സർ പട്ടേൽ (27), എന്നിവരുടെ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
നേരത്തെ ബാറ്റിങ്ങിൽ ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത്ത് തിളങ്ങി. താരം 73 റൺസ് നേടി. ഒരു സിക്‌സറും നാല് ഫോറും അടക്കമാണ് താരം 73 നേടിയത്. സ്മിത്തിനെ കൂടാതെ അലക്സ് ക്യാരി 61 റൺസെടുത്തു. ട്രാവിസ് ഹെഡ് 39 റൺസും ലാബുഷെയ്ൻ 29 റൺസും നേടി.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി. നാളെ നടക്കുന്ന ന്യൂസിലാൻഡ്- ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെ വിജയിയെയാവും ഇന്ത്യ ഫൈനലിൽ നേരിടുക.
Content Highlights: virat kohli new records in champions trophy semifinal vs australia