
ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാന്‍ വേണ്ടി കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സ് എടുത്ത ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപ്രതീക്ഷിതമായി കോഹ്‌ലി പുറത്തായതില്‍ അസ്വസ്ഥരായ ചില ആരാധകര്‍ ഗ്ലെന്‍ ഫിലിപ്സാണെന്നു കരുതി അബദ്ധത്തില്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഫിലിപ്സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റിട്ടതും വാര്‍ത്തയായിരുന്നു.
Kohli fans are flooding 'Philips' Instagram page, thinking it's Glenn Phillips! 😂
— Cricket Update 🏏 (@itscrickethere) March 2, 2025
Come on, guys, I'm a Kohli fan too, but at least use a little brain before embarrassing us all. 🧠#ChampionsTrophy pic.twitter.com/ZIjCbgkEsO
ഇപ്പോള്‍ കമന്റിട്ട കോഹ്‌ലി ഫാന്‍സിനെ കളിയാക്കി ഫിലിപ്‌സ് കമ്പനിയും രംഗത്തെത്തിയിരിക്കുകയാണ്. 'ആ ഫിലിപ്‌സല്ല ഇത്. ഈ ഫിലിപ്‌സ് കോഹ്‌ലിയെ ഔട്ടാക്കില്ല. കോഹ്‌ലിയെ സിക്‌സറടിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്', എന്നാണ് ഫിലിപ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അടുത്ത തവണ കോഹ്‌ലി വലിയ ഇന്നിങ്‌സ് കളിക്കുന്നത് കാണാന്‍ പ്രതീക്ഷിക്കാമെന്ന ക്യാപ്ഷനോടെയാണ് ഫിലിപ്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ന്യൂസിലാന്‍ഡിനെതിരെ വണ്‍ഡൗണായി ക്രീസിലെത്തി 14 പന്തില്‍ 11 റണ്‍സെടുത്ത കോഹ്ലിയെ ഗ്ലെന്‍ ഫിലിപ്സാണ് സ്റ്റണ്ണര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. മാറ്റ് ഹെന്റി എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് ബാക്ക് വേര്‍ഡ് പോയിന്റില്‍ നില്‍ക്കുകയായിരുന്ന ഗ്ലെന്‍ ഫിലിപ്സ് പിറകിലേക്ക് സ്ട്രെച്ച് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് പറന്നുപിടിച്ചത്.
വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു കോഹ്ലി ഗാലറിയിലേക്ക് മടങ്ങിയത്. എന്തായാലും കോഹ്ലിയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ക്യാച്ച് ആയിരുന്നു ഗ്ലെന്‍ എടുത്തത് എന്ന് പറയാം. 0.62 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഗ്ലെന്‍ ഫിലിപ്‌സ് ആ ക്യാച്ചെടുത്തത്. ഇടത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ ഗ്ലെന്‍ ഫിലിപ്സ് ക്യാച്ചെടുത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സിനെതിരെ ഇന്ത്യന്‍ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ ചില ആരാധകര്‍ക്ക് വലിയ അബദ്ധം പിണഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ശരിക്കുമുള്ള ഗ്ലെന്‍ ഫിലിപ്സാണെന്നു കരുതി ഇന്ത്യന്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ഫിലിപ്സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് ചില കോഹ്ലി ഫാന്‍സ് കമന്റിട്ടത്.
'കോഹ്ലിയുടെ ക്യാച്ചെടുത്ത് നിങ്ങള്‍ തെറ്റുചെയ്തു', 'കര്‍മ നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും' ഇങ്ങനെ പോകുന്നു ഫിലിപ്സ് കമ്പനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍. ഈ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോഹ്ലിയുടെ ആരാധകരെയെല്ലാം നാണംകെടുത്തുന്നതിന് മുന്‍പ് കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കൂ എന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് ചില ആരാധകര്‍ പറയുന്നത്.
Content Highlights: ‘We don’t get Kohli…’: Electronics brand Philips takes trolling by angry Virat fans in stride