രചിന്റെയും വില്യംസണിന്റെയും സെഞ്ച്വറി ഷോ; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി കിവീസ്‌

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്നും കഗിസോ റബാഡ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി

dot image

ചാംപ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ന്യൂസിലാന്‍ഡ്. ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് അടിച്ചെടുത്തു. രചിന്‍ രവീന്ദ്രയും കെയ്ന്‍ വില്യംസണും നേടിയ സെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിനെ ഹിമാലയന്‍ ടോട്ടലിലേക്ക് നയിച്ചത്.

ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സ് ആഞ്ഞടിച്ചതോടെ 363 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്നും കഗിസോ റബാഡ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് മത്സരത്തിന്റെ എട്ടാം ഓവറില്‍ തന്നെ ഓപണര്‍ വില്‍ യങ്ങിനെ (21) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച വില്യംസണ്‍- രചിന്‍ രവീന്ദ്ര കൂട്ടുകെട്ട് ടീമിനെ ശക്തമായ നിലയിലെത്തിച്ചു. സെഞ്ച്വറി നേടിയ ശേഷമാണ് ഇരുതാരങ്ങളും പുറത്തായത്. രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സും കെയ്ന്‍ വില്യംസണ്‍ 94 പന്തില്‍ 102 റണ്‍സും നേടിയാണ് പുറത്തായത്.

ശേഷമെത്തിയ ഡാരില്‍ മിച്ചല്‍ 37 പന്തില്‍ 49 റണ്‍സെടുത്തു പുറത്തായി. ഗ്ലെന്‍ ഫിലിപ്‌സ് 27 പന്തില്‍ 49റണ്‍സെടുത്ത് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെയാണ് ടീം സ്‌കോര്‍ 362 റണ്‍സിലെത്തിയത്. ടോം ലാഥം (4), മൈക്കല്‍ ബ്രേസ്‌വെല്‍ (16), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (2*) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍.

Content Highlights: SA vs NZ, Champions Trophy 2025 Semi Final: Williamson, Ravindra tons and perfect finish takes NZ to 362/6

dot image
To advertise here,contact us
dot image