ഇത് രാജാവിന്‍റെ പടയോട്ടം! ഏകദിന റാങ്കിങ്ങില്‍ മുന്നേറി വിരാട് കോഹ്‌ലി, പുതിയ റാങ്കിങ് ഇങ്ങനെ

റാങ്കിങ്ങില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

dot image

ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വമ്പന്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന സെമി ഫൈനലില്‍ മിന്നും പ്രകടനം പുറത്തെടുത്തതാണ് റാങ്കിങ്ങില്‍ കോഹ്‌ലിക്ക് തുണയായത്. മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങി 98 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 84 റണ്‍സ് അടിച്ചെടുത്ത കോഹ്‌ലിയായിരുന്നു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത കോഹ്‌ലി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഐസിസി റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് കിങ് കോഹ്‌ലിയുടെ മുന്നേറ്റം. 747 റേറ്റിങ് പോയിന്റാണ് നാലാമതുള്ള കോഹ്‌ലിയുടെ സമ്പാദ്യം.

റാങ്കിങ്ങില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഏറ്റവും പുതിയ റാങ്കിങ്ങില്‍ തിരിച്ചടി ലഭിക്കുകയാണ് ചെയ്തത്. ഓസീസിനെതിരായ സെമിയില്‍ 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ഐസിസി ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Content Highlights: ICC ODI rankings: Virat Kohli replaces Rohit Sharma at fourth among batters after Dubai masterclass vs Australia

dot image
To advertise here,contact us
dot image