
ചാംപ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് വഴങ്ങേണ്ടി വന്ന പരാജയത്തിന്റെ കണക്കുതീർത്ത് ഓസ്ട്രേലിയ. ഇന്‍റര്‍നാഷണല്‍ മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീഗ് ടി20യിൽ ഇന്ത്യൻ മാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ മാസ്റ്റേഴ്സ്. ഇന്ത്യ മാസ്റ്റേഴ്സിനെ 95 റണ്‍സിന് വീഴ്ത്തി ടൂര്‍ണമെന്‍റിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ മാസ്റ്റേഴ്സ്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാസ്റ്റേഴ്സ് സൂപ്പർ താരം ഷെയ്ന്‍ വാട്സന്‍റെയും ബെന്‍ ഡങ്കിന്‍റെയും സെഞ്ച്വറികളുടെ മികവില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 269 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ 174 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തകര്‍ത്തടിച്ചിട്ടും ഇന്ത്യ മാസ്റ്റേഴ്സ് 95 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. 33 പന്തില്‍ 64 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യ മാസ്റ്റേഴ്സിന്‍റെ ടോപ് സ്കോറര്‍. യൂസഫ് പത്താന്‍ 15 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ നമാൻ ഓജ 11 പന്തില്‍ 19 റണ്‍സെടുത്തു.
SACHIN TENDULKAR SHOWING HIS CLASS - GOAT AT THE AGE OF 52. 🥶 pic.twitter.com/6YaT54IEkN
— Mufaddal Vohra (@mufaddal_vohra) March 5, 2025
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് ഷോണ്‍ മാര്‍ഷും വാട്സനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. അഞ്ചാം ഓവറില്‍ 33 റണ്‍സിലെത്തിയ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് ഷോണ്‍ മാര്‍ഷിനെ ആദ്യം നഷ്ടമായി. 15 പന്തില്‍ 22 റണ്‍സെടുത്ത മാര്‍ഷിനെ നേഗിയാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാട്സണും ഡങ്കും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ മത്സരം ഓസ്ട്രേലിയ മാസ്റ്റേഴ്സിന്റെ വരുതിയിലായി.
23 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഡങ്ക് 43 പന്തില്‍ സെഞ്ചുറിയിലെത്തിയപ്പോള്‍ 29 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച വാട്സണ്‍ 47-ാം പന്തിൽ സെഞ്ച്വറി തികച്ചു. വാട്സണ്‍ 12 ഫോറും ഏഴ് സിക്സും പറത്തിയപ്പോള്‍ ഡങ്ക് 12 ഫോറും 10 സിക്സും പറത്തി. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 236 റണ്‍സടിച്ചു.
270 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ മാസ്റ്റേഴ്സിന് സച്ചിനും നമാന്‍ ഓജയും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. 4.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യൻ സ്കോര്‍ 58 റണ്‍സിലെത്തിച്ചു. എന്നാല്‍ നമാന്‍ ഓജയെ (11 പന്തില്‍ 19) ലൗലിന്‍ പുറത്താക്കിയതോടെ ഇന്ത്യ പതറിത്തുടങ്ങി. നമാന്‍ ഓജയ്ക്ക് പിന്നാലെ സൗരഭ് തിവാരി (1)യും അതിവേഗം മടങ്ങി.
നാലാമനായി എത്തിയ ഇര്‍ഫാന്‍ പത്താനും (13 പന്തില്‍ 11) സ്കോര്‍ ഉയര്‍ത്താനായില്ല. 27 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച സച്ചിന്‍ പതിനൊന്നാം ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 100ല്‍ എത്തിയിരുന്നു. 33 പന്തില്‍ ഏഴ് ഫോറും നാലു സിക്സും പറത്തിയ സച്ചിനെ സേവിയര്‍ ഡോഹെര്‍ത്തിയാണ് പുറത്താക്കിയത്. പിന്നാലെ പ്രതീക്ഷ നല്‍കിയ യൂസഫ് പത്താനെ(15 പന്തില്‍ 25) ഹില്‍ഫെൻഹോസ് മടക്കിയതോടെ ഇന്ത്യ മാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ അവസാനിച്ചു. ഒരോവറില്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും(2) പവന്‍ നേഗിയെയയും(14) വീഴ്ത്തിയ ഡോഹെര്‍ത്തി ഇന്ത്യയുടെ തകര്‍ച്ച വേഗത്തിലാക്കി. ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി സേവിയര്‍ ഡോഹെര്‍ത്തി 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
ഓസ്ട്രേലിയ തോറ്റെങ്കിലും ടൂര്‍ണമെന്‍റില്‍ നാലു കളികളില്‍ മൂന്ന് ജയവുമായി ഇന്ത്യ മാസ്റ്റേഴ്സ് തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. കളിച്ച രണ്ട് കളികളും പരാജയപ്പെട്ട ഓസ്ട്രേലിയ മാസ്റ്റേഴ്സിന്‍റെ ആദ്യ വിജയമാണിത്.
Content Highlights: IML 2025: Twin tons help Australia Masters stay alive with 95-run victory over India Masters