
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ഇന്ത്യൻ സഹതാരം വിരാട് കോഹ്‍ലിയുമൊത്തുള്ള സംസാരം തുറന്നുപറഞ്ഞ് കെ എൽ രാഹുൽ. ക്രീസിലെത്തി ഞാൻ 10-12 പന്തുകൾ നേരിട്ടപ്പോഴാണ് വിരാടുമായി സംസാരിച്ചത്. വിരാട്, നിങ്ങൾ അവസാനം വരെയും ക്രീസിലുണ്ടാകണം. ഓരോ ഓവറുകളിലും ഞാൻ റിസ്ക് എടുത്തുകൊള്ളാം. ഓവറിൽ ഒരു ഫോർ അല്ലെങ്കിൽ ഒരു സിക്സ് എന്നതിനായി ഞാൻ ശ്രമിക്കാം. ടീമിന് ഇപ്പോൾ ആവശ്യം ഫോമിലുള്ള താങ്കളുടെ സാന്നിധ്യമാണ്. എന്നാൽ വിരാട് വലിയ ഹിറ്റുകൾക്ക് ശ്രമിക്കുകയായിരുന്നു. കെ എൽ രാഹുൽ മത്സരശേഷം പ്രതികരിച്ചു.
ഐസിസി ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിൽ എല്ലാവരും പുറത്തായി. 73 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 61 റൺസെടുത്ത അലക്സ് ക്യാരി എന്നിവരുടെ പ്രകടനമാണ് ഓസീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 48.1 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 84 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 45 റൺസും കെ എൽ രാഹുൽ പുറത്താകാതെ 42 റൺസും നേടി. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ് സെമി ഫൈനൽ വിജയികളെ ഇന്ത്യ നേരിടും.
Content Highlights: KL Rahul on Virat Kohli's dismissal ahead of his hundred