'കോഹ‍്ലി വർഷങ്ങളായി ഇന്ത്യയുടെ മാച്ച് വിന്നറാണ്'; പ്രശംസിച്ച് രോഹിത് ശർമ

ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിന് മുമ്പ് എല്ലാ താരങ്ങളും ഫോമിലേക്ക് ഉയരേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നതിന് പിന്നാലെ പ്ലെയർ ഓഫ് ദ മാച്ചായ വിരാട് കോഹ്‍ലിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വർഷങ്ങളായി കോഹ്‍ലി ഇന്ത്യയുടെ മാച്ച് വിന്നറാണ്. ഇന്ത്യൻ താരങ്ങൾ ശാന്തമായാണ് ബാറ്റ് ചെയ്തത്. ശ്രേയസ് അയ്യരും വിരാട് കോഹ്‍ലിയും കളിച്ചതുപോലെ വലിയ കൂട്ടുകെട്ടുകൾ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. അക്സർ പട്ടേൽ-വിരാട് കോഹ്‍ലി, കെ എൽ രാഹുൽ-വിരാട് കോഹ്‍ലി എന്നിങ്ങനെയും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടായി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ അതിവേ​ഗം റൺസ് സ്കോർ ചെയ്തത് നിർണായകമായി. രോഹിത് ശർമ മത്സരശേഷം പറഞ്ഞു.

ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിന് മുമ്പ് എല്ലാ താരങ്ങളും ഫോമിലേക്ക് ഉയരേണ്ടത് അത്യാവശ്യമാണ്. അതിനാൽ ലഭിക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനം നടത്തി എല്ലാവരും ആത്മവിശ്വാസം ഉയർത്തണം. ഫൈനലിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ല. ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും മികച്ച ടീമുകളാണ്. അതുകൊണ്ടാണ് ഇരുടീമുകളും സെമി കളിക്കുന്നത്. മത്സരം ഇന്ത്യൻ താരങ്ങൾ കാണും. എന്നാൽ എല്ലാ താരങ്ങളും ആവശ്യമായ വിശ്രമം എടുക്കേണ്ടതുമുണ്ട്. ഇതൊരു സമ്മർദ്ദം നിറഞ്ഞ ടൂർണമെന്റാണ്. ഫൈനലിന് മുമ്പ് ലഭിക്കുന്ന സമയം നിർണായകമാണ്. ഈ സമയത്ത് ഫൈനലിനെക്കുറിച്ച് പ്ലാൻ ചെയ്യുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 48.1 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 84 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

Content Highlights: Kohli has done it for us for so many years says Rohit Sharma

dot image
To advertise here,contact us
dot image