
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ ചില ആവേശകരമായ ഇന്ത്യ-ഓസീസ് പോരാട്ടങ്ങൾ കാണാം. സച്ചിൻ തെണ്ടുൽക്കറിന്റെ ഓൾറൗണ്ട് മികവിൽ ഇന്ത്യ വിജയിച്ച മത്സരം. യുവരാജ് സിങ് എന്ന ഇതിഹാസം ഇന്ത്യൻ ക്രിക്കറ്റിനെ അത്ഭുതപ്പെടുത്തിയ ദിവസം. അങ്ങനെ ചില ഓർമകളാൽ നിറഞ്ഞതാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ- ഓസീസ് പോരാട്ടങ്ങൾ.
1998ലെ പ്രഥമ ചാംപ്യൻസ് ട്രോഫിയിൽ തന്നെ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടമുണ്ടായിരുന്നു. മൂന്നാം ക്വാർട്ടർ ഫൈനലിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് വോ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സച്ചിൻ തെണ്ടുൽക്കറുടെ 141, അജയ് ജഡേജയുടെ 71, രാഹുൽ ദ്രാവിഡിന്റെ 48 എന്നിങ്ങനെയുള്ള സ്കോറുകളുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. ഈ മൂന്ന് താരങ്ങളെ കൂടാതെ 10 റൺസെടുത്ത അജിത്ത് അഗാർക്കർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.
വിജയലക്ഷ്യത്തിലേക്ക് ഓസീസ് മെല്ലെ തിരിച്ചടിച്ചു. മാർക് വോ 74, ആദം ഗിൽക്രിസ്റ്റ് 25, റിക്കി പോണ്ടിങ് 41 അങ്ങനെ മുൻ നിരയിലെല്ലാവരും ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു. 25 ഓവർ പിന്നിടുമ്പോൾ ഓസീസ് ഒന്നിന് 145 എന്ന ശക്തമായ നിലയിലായിരുന്നു. അവിടെനിന്നുമാണ് ഓസീസ് നിരയുടെ വിക്കറ്റുകൾ വീണ് തുടങ്ങിയത്. ക്യാപ്റ്റൻ സ്റ്റീവ് വോ, മൈക്കൽ ബെവൻ, ഡാമിയൻ മാർട്ടിൻ, ബ്രാഡ് യങ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി സച്ചിൻ തെണ്ടുൽക്കർ പന്തുകൊണ്ടും തിളങ്ങി. 48.1 ഓവറിൽ ഓസീസ് സ്കോർ 263ൽ അവസാനിച്ചു. ഇന്ത്യൻ വിജയം 44 റൺസിന്. പക്ഷേ സെമിയിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെടാനായിരുന്നു ഇന്ത്യൻ ടീമിന്റെ വിധി.
2000ത്തിലെ ചാംപ്യൻസ് ട്രോഫിയിൽ വീണ്ടും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടമുണ്ടായിരുന്നു. കോഴ വിവാദത്തിൽ ആടിയുലഞ്ഞിരുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ താക്കോൽസ്ഥാനം മുഹമ്മദ് അസ്ഹറുദീനിൽ നിന്നും സൗരവ് ഗാംഗുലി ഏറ്റെടുത്ത കാലം. ക്വാർട്ടറിൽ വീണ്ടും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടമുണ്ടായി. ഈ മത്സരത്തിന് മുമ്പ് കെനിയയുമായി യോഗ്യത റൗണ്ടിൽ ഇന്ത്യ ഏറ്റുമുട്ടിയപ്പോൾ യുവരാജ് സിങ് ഇന്ത്യയ്ക്കായി അരങ്ങേറിയിരുന്നു. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായാണ് യുവരാജ് ആദ്യമായി ബാറ്റിങ്ങിനിറങ്ങിയത്. പിന്നീടുള്ള ഒന്നരപതിറ്റാണ്ടോളം ക്രിക്കറ്റ് ഓർമകളെ ജ്വലിപ്പിച്ചുനിർത്തിയ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു യുവരാജാവിന്റെ, യുവരാജ് സിങ്ങിന്റെ ഉദയം ഈ മത്സരത്തിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 265 റൺസ്. 80 പന്തിൽ 84 റൺസുമായി യുവരാജ് തന്റെ ബാറ്റിങ് വിസ്ഫോടനമികവ് എന്തെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ച മത്സരമായിരുന്നു ഇത്. 20 റൺസിന് ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ സെമിയിലേക്ക്. സൗരവ് ഗാംഗുലിയുടെ 141 റൺസ് മികവിൽ സെമിയിൽ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചു. കലാശപ്പോരിൽ വീണ്ടും ഗാംഗുലിയുടെ സെഞ്ച്വറി, സച്ചിൻ തെണ്ടുൽക്കറിന്റെ അർധ സെഞ്ച്വറി. പക്ഷേ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ ന്യൂസിലാൻഡ് മെല്ലെ തിരിച്ചടിച്ചു. ക്രിസ് കെയിൻസിന്റെ സെഞ്ച്വറി നേട്ടത്തിൽ ന്യൂസിലാൻഡിന് നാല് വിക്കറ്റ് ജയം. രണ്ടാം ചാംപ്യൻസ് ട്രോഫി ന്യൂസിലാൻഡിലേക്കെത്തി.
2006 ൽ ഇന്ത്യ ചാംപ്യൻസ് ട്രോഫിക്ക് വേദിയായി. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ വീണ്ടും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടത്തിന് കളമൊരുങ്ങി. ഗ്രൂപ്പിൽ ഓരോ വിജയങ്ങൾ വീതം നേടിയ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും സെമി കടക്കാൻ ഈ മത്സരത്തിലെ വിജയം നിർണായകമായിരുന്നു. വിരേന്ദർ സെവാഗിന്റെയും ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെയും അർധ സെഞ്ച്വറി ബലത്തിൽ ഇന്ത്യ എട്ടിന് 249 എന്ന സ്കോർ ഉയർത്തി. പക്ഷേ ഷെയ്ൻ വാട്സൺ, റിക്കി പോണ്ടിങ്, ഡാമിയൻ മാർട്ടിൻ എന്നിവരുടെ അർധ സെഞ്ച്വറി ബലത്തിൽ ഓസ്ട്രേലിയ തിരിച്ചടിച്ചു. 45.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യത്തിലെത്തി. സെമിയിൽ ന്യൂസിലാൻഡിനെയും ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസിനെയും വീഴ്ത്തി ഓസ്ട്രേലിയ ആദ്യമായി ചാംപ്യൻസ് ട്രോഫിയുടെ ജേതാക്കളായി.
2009ലെ ചാംപ്യൻസ് ട്രോഫിയിൽ വീണ്ടും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടമുണ്ടായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 എന്ന സ്കോറിൽ നിൽക്കെ മഴ വില്ലനായെത്തി. പിന്നെ മത്സരത്തിന് ഫലമുണ്ടായില്ല. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫി സെമിയിലേക്കെത്തി. പിന്നെ കിരീടം നിലനിർത്തി.
വീണ്ടുമൊരിക്കൽ കൂടി ഇന്ത്യ ഓസീസ് ചാംപ്യൻസ് ട്രോഫി പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ഇത്തവണ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തും ഓർമയിൽ നിൽക്കുന്ന ചരിത്രനിമിഷങ്ങൾ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Ind vs Aus Champions Trophy rivalries ever