'ഇതാണ് ശരിയായ സമയം'; ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്

ചാംപ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് സ്മിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം

dot image

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് സ്മിത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. വിരമിക്കൽ പ്രഖ്യാപനം ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്ഥിരീകരിച്ചു. 2027 ഏകദിന ലോകകപ്പിനായി ഓസ്ട്രേലിയൻ യുവനിരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണ് ഇനിയുള്ളത്. അതിനാൽ ഇതാണ് ഓസ്ട്രേലിയൻ ടീമിൽ നിന്ന് പിന്മാറാനുള്ള ശരിയായ സമയമെന്ന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.

ഏകദിന ക്രിക്കറ്റിലെ എന്റെ യാത്ര ഏറെ മികച്ചതായിരുന്നു. അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഒരുപാട് മികച്ച ഓർമകൾ എനിക്ക് ക്രിക്കറ്റിലുണ്ട്. രണ്ട് ലോകകപ്പുകൾ സ്വന്തമാക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഈ യാത്രയിൽ ഏറെ മികച്ച സുഹൃത്തുക്കളെയും എനിക്ക് ലഭിച്ചു. സ്മിത്ത് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റായിരിക്കും ഇനി എന്റെ പ്രഥമ പരി​ഗണനയിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലാണ് മുന്നിലുള്ള ലക്ഷ്യം. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെയും ഇം​ഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്പരകളുണ്ട്. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് സംഭാവനകൾ നൽകാൻ കഴിയുമെന്നും സ്മിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി 170 മത്സരങ്ങൾ കളിച്ച താരമാണ് സ്മിത്ത്. 5,800 റൺസ് താരം സ്വന്തമാക്കി. 2015, 2023 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ സ്മിത്ത് അം​ഗമായിരുന്നു. 64 ഏകദിനങ്ങളിൽ സ്മിത്ത് ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 32 മത്സരങ്ങൾ വിജയിച്ചപ്പോൾ 28ൽ പരാജയപ്പെട്ടു. നാല് മത്സരങ്ങളിൽ ഫലമില്ലായിരുന്നു.

Content Highlights: Smith retires from ODIs after Champions Trophy exit

dot image
To advertise here,contact us
dot image