
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനത്തെ വിമർശിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ടൂർണമെന്‍റില്‍ മിന്നും പ്രകടനത്തോടെ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടൂര്‍ണമെന്റിലെ വ്യക്തിഗത പ്രകടനം മികച്ചതായിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിയിൽ ഇന്ത്യയ്ക്കായി ഓപണിങ്ങിനിറങ്ങിയ രോഹിത്തിന് 29 പന്തിൽ 28 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
സെമി ഫൈനലിലെ വിജയത്തിന് ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ രോഹിത്തിന്റെ പ്രകടനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. വലിയ സ്‌കോറുകള്‍ നേടാന്‍ രോഹിത്തിന് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം മികച്ച തുടക്കമിടുന്നതും അത് നല്‍കുന്ന ഇംപാക്റ്റ് വളരെ വലുതാണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. പിന്നീട് ക്രീസിലെത്തുന്നവർക്ക് ഭയമില്ലാതെയും ആത്മവിശ്വാസത്തോടെയും ബാറ്റ് ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഗംഭീറിന്റെ ഈ അഭിപ്രായത്തെയും ഗവാസ്‌കര്‍ തള്ളിയിരിക്കുകയാണ്.
ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യയ്ക്ക് ഫൈനലിലും അത് ആവര്‍ത്തിക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ വലിയ ഇന്നിങ്സാണ് രോഹിത് ശര്‍മയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. നായകനെന്ന നിലയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്ററെന്ന നിലയില്‍ താരത്തിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
'ഇന്ത്യയുടെ നായകന്‍ മാത്രമല്ല ഓപണര്‍ കൂടിയാണ് രോഹിത്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ അത് വലിയ സ്‌കോറായി മാറ്റാന്‍ സാധിക്കുന്നില്ല. ഫൈനലില്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണായകമാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കണം. രോഹിത് പിടിച്ചുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അനായാസമായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും', ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
'25-30 ഓവറുകള്‍ ബാറ്റ് ചെയ്യാനുള്ള അവസരം വിനിയോഗിക്കാന്‍ രോഹിത് തന്നെ തയ്യാറാവണം. അത് മത്സരത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ 25-30 റണ്‍സ് നേടുന്നതില്‍ നിങ്ങള്‍ സന്തുഷ്ടനാണോ? അങ്ങനെയാകരുത്! എനിക്ക് ഒറ്റ കാര്യം മാത്രമാണ് പറയാനുള്ളത്. നിങ്ങള്‍ ഏഴോ എട്ടോ അല്ലെങ്കില്‍ ഒമ്പതോ ഓവറുകള്‍ക്ക് പകരം 25 ഓവറുകള്‍ ബാറ്റ് ചെയ്താല്‍ ടീമില്‍ നിങ്ങളുടെ സ്വാധീനം ഇതിലും വലുതായിരിക്കും- ഇതിഹാസ താരം കൂട്ടിച്ചേർത്തു.
Content Highlights: 'Happy with 25-30 runs?' Sunil Gavaskar questions Rohit's approach after Gambhir's 'impact' praise