
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട പാകിസ്താൻ ടീമിനെതിരെ വിമർശനവുമായി മുൻ പരിശീലകൻ ജെയ്സൻ ഗില്ലസ്പി. ഇപ്പോഴത്തെ ടീം പരിശീലകൻ അക്വിബ് ജാവേദിനെതിരെയാണ് ഗില്ലസ്പിയുടെ വിമർശനം. ഇത് നല്ല തമാശയാണ്. ഞാനും ഗാരി കിർസ്റ്റണും പരിശീലകനായിരുന്നപ്പോൾ ഞങ്ങൾക്കെതിരെ പ്രവർത്തിച്ചവനാണ് അക്വിബ്. അയാളെ പാക് ക്രിക്കറ്റിലെ യഥാർത്ഥ വില്ലൻ. ഗില്ലസ്പി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പ്രതികരിച്ചു.
2024 ഏപ്രീലിലാണ് പാകിസ്താൻ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസം ഗാരി കിർസ്റ്റനെ നിയമിച്ചത്. എന്നാൽ ആറ് മാസത്തിൽ താഴെ മാത്രമായിരുന്നു കിർസ്റ്റൺ പാകിസ്താൻ പരിശീലകനായി പ്രവർത്തിച്ചത്. കിർസ്റ്റൻ രാജിവെച്ചപ്പോൾ ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്ന ഗില്ലസ്പിക്ക് ഏകദിന, ട്വന്റി 20 ടീമുകളുടെ ചുമതലയും നൽകി. എന്നാൽ എട്ട് മാസം മാത്രം നീണ്ട പരിശീലക സ്ഥാനം ഗില്ലസ്പിയും രാജിവെച്ച് ഒഴിയുകയായിരുന്നു. ഇതോടെയാണ് അക്വിബ് ജാവേദിന് ഇടക്കാല ചുമതല നൽകിയത്.
ചാംപ്യൻസ് ട്രോഫിയിലെ തോൽവിയോടെ ജാവേദിന്റെ പരിശീലകസ്ഥാനവും തുലാസിലാണ്. ഈ മാസം 16 മുതൽ ന്യൂസിലാൻഡിനെതിരെയാണ് പാകിസ്താന്റെ അടുത്ത ക്രിക്കറ്റ് പരമ്പര. അഞ്ച് ട്വന്റി 20കളാണ് പരമ്പരയിലുള്ളത്. ഇതിന് മുമ്പായി പാകിസ്താൻ ക്രിക്കറ്റ് പുതിയ പരിശീലകനെ കണ്ടെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Pakistan Cricket Coach Faces Brutal Criticism From Jason Gillespie