'ചോക്കേഴ്‌സ്' ടീമില്‍ 'ചോക്കർ' അല്ലാത്ത ഒരേയൊരാള്‍; മില്ലറുടെ പോരാട്ടവീര്യത്തെ വാഴ്ത്തി ആരാധകർ

ഡേവിഡ് മില്ലര്‍ സെഞ്ച്വറിയടിച്ച് പുറത്താവാതെ നിന്ന് പൊരുതിയെങ്കിലും ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ റണ്‍മല താണ്ടാന്‍ സാധിച്ചിരുന്നില്ല

dot image

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയം വഴങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ പുകഴ്ത്തി ആരാധകര്‍. ലാഹോറില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ പരാജയമാണ് ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സെന്ന കൂറ്റന്‍ റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

ഡേവിഡ് മില്ലര്‍ സെഞ്ച്വറിയടിച്ച് പുറത്താവാതെ നിന്ന് പൊരുതിയെങ്കിലും ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ റണ്‍മല താണ്ടാന്‍ സാധിച്ചിരുന്നില്ല. 67 പന്തില്‍ നിന്ന് പുറത്താകാതെ 100 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ചാംപ്യന്‍സ് ട്രോഫിയില്‍ സെമി കടമ്പ കടക്കാനാവാതെ പുറത്തായ തെംബ ബവുമയെയും ടീമിനെയും ട്രോളുന്നുണ്ടെങ്കിലും ഡേവിഡ് മില്ലറുടെ പോരാട്ടവീര്യത്തെ വാഴ്ത്തിപ്പാടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍.

ദക്ഷിണാഫ്രിക്ക എപ്പോഴും തോല്‍ക്കാറുണ്ടെങ്കിലും ഡേവിഡ് മില്ലര്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 'ചോക്കേഴ്‌സ്' എന്ന വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ചോക്കേഴ്‌സ് അല്ലാത്ത ഒരേയൊരു താരമാണ് മില്ലറെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു. 'ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മില്ലര്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത് എത്രതവണ നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തെ പിന്തുണക്കാന്‍ ആ ടീമില്‍ ആരുമില്ല. ഡേവിഡ് മില്ലറെന്ന ഇതിഹാസത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അര്‍ഹിക്കുന്നില്ല', എന്നും കമന്റുകളുണ്ട്.

അതേസമയം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടത്തിനായി മത്സരിക്കും. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുക.

Content Highlights: 'South Africa may choke every time, but David Miller doesn’t’, Fans react to Proteas' CT semi-final loss

dot image
To advertise here,contact us
dot image