
ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം മാർച് 9 ന് നടക്കാനിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയാണ് ജയിച്ചിരുന്നത്. 44 റൺസിനാണ് ഇന്ത്യ ആ മത്സരം ജയിച്ചത്. ശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ സെമിയിൽ തോൽപ്പിച്ച് ഫൈനലിലെത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ആധികാരികമായിരുന്നു ഇരുടീമുകളുടെയും ഫൈനൽ പ്രവേശം. ഇന്ത്യ നാല് വിക്കറ്റിനും കിവീസ് 50 റൺസിനുമാണ് സെമിയിൽ എതിരാളികളെ തോൽപ്പിച്ചത്. ഇതോടെ ഫൈനൽ പോരാട്ടം കൂടുതൽ കനക്കുമെന്ന് ഉറപ്പാണ്.
ഇതിനിടയിൽ ന്യൂസിലാൻഡിന് വെല്ലുവിളിയാകുന്നത് സ്റ്റാർ പേസർ മാറ്റ് ഹെൻറിയുടെ പരിക്കാണ്. കഴിഞ്ഞ മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ ഹെൻറിച്ച് ക്ലാസൻ പുറത്താകുന്നത് മാറ്റ് ഹെൻറിയുടെ നിർണായകമായ ഒരു ഡൈവിങ് ക്യാച്ചിലാണ്. ക്യാച്ചെടുക്കുന്നതിനിടെ ഹെൻറി തോൾ നിലത്തിടിച്ചാണ് വീണത്. പിന്നാലെ ഫിസിയോ എത്തി താരത്തെ പരിശോധിക്കുകയും പിന്നാലെ ഗ്രൗണ്ടിൽനിന്ന് പിന്മാറുകയും ചെയ്തിരുന്നു.
മത്സരത്തിൽ ഏഴു ഓവർ എറിഞ്ഞ താരം 42 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തിരുന്നു. എന്നാൽ ബാക്കി ഓവറുകൾ പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ അഞ്ചുവിക്കറ്റ് പ്രകടനം കൂടി നേടിയ താരത്തിന് കളിക്കാനായില്ലെങ്കിൽ അത് ന്യൂസിലാൻഡിന് തിരിച്ചടിയും ഇന്ത്യയ്ക്ക് ആശ്വാസവുമാകും.
Content Highlights: champions trophy 2025 final new zealand star pacer injury