
ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി പോരാട്ടത്തിനിടെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. റമദാന്‍ നോമ്പിന്റെ സമയത്തും ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് കാരണമായത്. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കിയ ഷമിയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ വിവാദത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷമ മുഹമ്മദ്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ച ഷമ ഇക്കാര്യത്തില്‍ ഷമിയെ പിന്തുണക്കുകയാണ് ചെയ്തത്. ഇസ്ലാമില്‍ നിങ്ങളുടെ കര്‍മ്മമാണ് പ്രധാനമെന്ന് പറഞ്ഞ ഷമ ക്രിക്കറ്റ് പോലുള്ള കായിക വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ വ്രതം അനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമില്ലെന്നും പറഞ്ഞു.
'ഇസ്ലാമില്‍ റംസാന്‍ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. യാത്ര ചെയ്യുമ്പോള്‍ വ്രതം അനുഷ്ഠിക്കേണ്ടതില്ല. ഇവിടെ മുഹമ്മദ് ഷമി യാത്ര ചെയ്യുകയാണ്. അവന്‍ സ്വന്തം സ്ഥലത്തല്ല. ക്രിക്കറ്റ് കളിക്കുമ്പോള്‍ ദാഹം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നാല്‍ ഉപവസിക്കണമെന്ന് ആരും നിര്‍ബന്ധമില്ല. നിങ്ങളുടെ കര്‍മ്മമാണ് വളരെ പ്രധാനം. ഇസ്ലാം വളരെ ശാസ്ത്രീയമായ ഒരു മതമാണ്', ഷമ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
#WATCH | Delhi | On Indian cricketer Mohammed Shami, Congress leader Shama Mohamed says, "...In Islam, there is a very important thing during Ramzan. When we are travelling, we don't need to fast (Roza), so Mohammed Shami is travelling and he's not at his own place. He's playing… pic.twitter.com/vdBttgFbRY
— ANI (@ANI) March 6, 2025
ദുബായില്‍ നടന്ന മത്സരത്തിനിടയില്‍ ഷമി എനര്‍ജി ഡ്രിങ്ക് പോലുള്ള വെള്ളം കുടിച്ചിരുന്നു. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം താരത്തിന് മേല്‍ ഉയര്‍ന്നു. അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ചില ആരാധകര്‍ പറയുന്നു. ഈ കടുത്ത ചൂടില്‍ വെള്ളം കുടിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നും ഈ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്ന ദൈവമാണ് മുകളിലുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഇതിന് തുടര്‍ച്ചയായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വിയുടെ വിവാദ പരാമര്‍ശവും നടത്തിയിരുന്നു. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു. എന്നാല്‍ റസ്വിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ഷമിയുടെ കുടുംബവും ചില മുസ്ലിം പുരോഹിതന്മാരും രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: On Mohammed Shami's 'Roza' Row, Congress Leader Shama Mohamed's Stunning Take