
ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനൽ പോരാട്ടം മാർച്ച് ഒമ്പതിന് ദുബായിയിൽ അരങ്ങേറുകയാണ്. കലാശപ്പോരിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും മിച്ചൽ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലാൻഡും പരസ്പരം ഏറ്റുമുട്ടും. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 44 റൺസിനാണ് ഇന്ത്യ ആ മത്സരം ജയിച്ചത്.
ശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ സെമിയിൽ തോൽപ്പിച്ച് ഫൈനലിലെത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ആധികാരികമായിരുന്നു ഇരുടീമുകളുടെയും ഫൈനൽ പ്രവേശം. ഇന്ത്യ നാല് വിക്കറ്റിനും കിവീസ് 50 റൺസിനുമാണ് സെമിയിൽ എതിരാളികളെ തോൽപ്പിച്ചത്. ഇതോടെ ഫൈനൽ പോരാട്ടം കൂടുതൽ കനക്കുമെന്ന് ഉറപ്പാണ്.
അതിനിടെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ മാത്രം ഒരേ വേദിയിൽ കളിച്ചത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്. ഇന്ത്യ അനാവശ്യ ആനുകൂല്യം കൈക്കലാക്കിയെന്ന ആരോപണവുമായി പല ടീമുകളുടെയും താരങ്ങളും മുൻതാരങ്ങളും രംഗത്തെത്തിയിരുന്നു. ഇന്ത്യ ദുബായ് സ്റ്റേഡിയത്തിൽ മാത്രമാണ് കളിച്ചിരുന്നത്. ബാക്കി ടീമുകൾക്ക് ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി, ദുബായ് തുടങ്ങി നാല് വേദികളിലേക്ക് മാറി മാറി യാത്രചെയ്യേണ്ടി വന്നു.
ഇപ്പോഴിതാ ഓരോ ടീമുകളും ടൂർണമെന്റിലെ വിവിധ മത്സരങ്ങൾക്കായി നടത്തിയ യാത്രദൂരത്തിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുത്തിട്ടുള്ള എട്ടു ടീമുകളെ എടുത്താല്‍ ഏറ്റവുമധികം കിമി യാത്ര ചെയ്തിട്ടുള്ളത് ഫൈനലിലെത്തിയ ന്യൂസിലാന്‍ഡാണ്. ഗ്രൂപ്പുഘട്ടം മുതല്‍ ഫൈനല്‍ വരെ 7048 കിലോ മീറ്ററാണ് കിവികൾക്ക് പറക്കേണ്ടി വന്നത്. ഫൈനലടക്കം രണ്ട് തവണ ഇന്ത്യയെ നേരിടാൻ കിവികൾക്ക് ദുബായിലെത്തേണ്ടി വന്നു.
ന്യൂസിലാന്‍ഡ് കഴിഞ്ഞാല്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടി വന്നിട്ടുളള രണ്ടാമത്തെ ടീം ദക്ഷിണാഫ്രിക്കയാണ്. ആകെ മൊത്തം 3286 കിമി ദൂരം ഇവർ യാത്ര ചെയ്തു. ഇന്ത്യയുമായി ദുബായിയിൽ മത്സരം ഇല്ലായിരുന്നവെങ്കിലും സെമിയിൽ ഏത് ടീമുമായി ഏറ്റുമുട്ടുമെന്ന അനിശ്ചിതത്വത്തിൽ പ്രോട്ടീസ് താരങ്ങളെ ഐസിസി ദുബായിൽ എത്തിച്ചിരുന്നു.
ആതിഥേയര്‍ കൂടിയായ പാകിസ്താനാണ് മൂന്നാമത്തെ ടീം. ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും 3133 കിമി ദൂരമാണ് പാക്സിതാൻ നടത്തിയത്. ഗ്രൂപ്പുഘട്ടത്തിൽ ഇന്ത്യയെ നേരിടാൻ ഇവർ ദുബായിൽ എത്തിയിരുന്നു. ബംഗ്ലാദേശ് 1953 കിമിയും അഫ്ഗാനിസ്താനും ഇംഗ്ലണ്ടും 1020 കിമിയുമാണ് യാത്ര ചെയ്തത്. എന്നാൽ ഇന്ത്യയാകട്ടെ മത്സരങ്ങൾക്ക് വേണ്ടി പൂജ്യം കിലോമീറ്ററാണ് സഞ്ചരിച്ചത്. കാരണം ഇന്ത്യയുടെ എല്ലാ കളികളും ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു നടന്നത്.
Content Highlights: travel kilometer list of champions trophy team