മത്സരത്തിനിടെ എതിർതാരവുമായി തർക്കിച്ചു; പിന്നാലെ ഹർമന്‍പ്രീത് കൗറിന് കിട്ടിയത് എട്ടിന്‍റെ പണി

മത്സരത്തിൽ യുപി വാരിയേഴ്സ് ബാറ്റുചെയ്യുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

dot image

വനിതാ പ്രീമിയർ ലീ​ഗിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പിഴ ചുമത്തി. ലീ​ഗിൽ കഴിഞ്ഞ ദിവസം നടന്ന യുപി വാരിയേഴ്സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ വാരിയേഴ്‌സിന്റെ ഇംഗ്ലീഷ് താരം സോഫി എക്ലസ്റ്റോണുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് മുംബൈ ക്യാപ്റ്റന് തിരിച്ചടി ലഭിച്ചത്. മാച്ച് ഫീയുടെ പത്ത് ശതമാനമാണ് ഹർമന് പിഴ ചുമത്തിയത്.

ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുപി വാരിയേഴ്സ് ബാറ്റുചെയ്യുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 19-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സിനോട് അംപയര്‍ ഫീല്‍ഡ് നിയന്ത്രിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് സര്‍ക്കിളിനു പുറത്ത് മൂന്ന് ഫീല്‍ഡര്‍മാരെ മാത്രമേ നിയോഗിക്കാന്‍ സാധിക്കൂ എന്നാണ് അംപയര്‍ അജിതേഷ് അര്‍ഗാള്‍ മുംബൈ ക്യാപ്റ്റൻ ഹര്‍മന്‍പ്രീതിനെ അറിയിച്ചത്.

അംപയറുടെ തീരുമാനത്തില്‍ ‌ഉടൻ തന്നെ ഹര്‍മന്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ബാറ്റിങ് ടീമാണ് സമയം വൈകിപ്പിച്ചതെന്നാണ് ഹര്‍മന്‍ ആരോപിച്ചത്. മുംബൈയ്ക്ക് വേണ്ടി അവസാന ഓവര്‍ എറിയാനെത്തിയ കിവീസ് ഓള്‍റൗണ്ടര്‍ അമേലിയ കെറും സംഭാഷണത്തിൽ ഇടപെട്ടു. ഈ സമയത്താണ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന സോഫി എക്ലസ്റ്റോണ്‍ വിഷയത്തില്‍ ഇടപെട്ടത്.

ഹര്‍മന്‍പ്രീതും അംപയറും സംസാരിക്കുന്നതിനിടയില്‍ കയറിവന്ന് എക്ലസ്റ്റോണ്‍ എന്തോ പറയുന്നത് വീഡിയോയില്‍ കാണാം. ഹര്‍മന്‍പ്രീതിനു നേരെ വിരല്‍ചൂണ്ടിയാണ് എക്ലസ്റ്റോണ്‍ സംസാരിക്കുന്നത്. എക്ലസ്റ്റോണിന്റെ ഇടപെടലില്‍ പ്രകോപിതയായി ഹർമൻപ്രീത് കൗര്‍ താരത്തോട് തർക്കിക്കുകയും ചെയ്തു. പിന്നീട് അംപയറും ഓണ്‍ ഫീല്‍ഡ് അംപയറും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.

അതേസമയം മത്സരത്തിൽ യുപി വാരിയേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് വനിതകള്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആറു വിക്കറ്റിനാണ് വാരിയേഴ്സിനെ ഹർമൻപ്രീതും സംഘവും മുട്ടുകുത്തിച്ചത്. ഉത്തർപ്രദേശ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു.

Content Highlights: WPL 2025: Harmanpreet fined for Code of Conduct breach during Mumbai Indians vs UP Warriorz

dot image
To advertise here,contact us
dot image