'ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഓള്‍റൗണ്ടര്‍മാര്‍ തൂക്കും'; പ്ലേയര്‍ ഓഫ് ദ മാച്ചിനെ പ്രവചിച്ച് രവി ശാസ്ത്രി

ഇരുടീമിലും ലോകോത്തര ബാറ്റര്‍മാരും ബോളര്‍മാരുമുണ്ടെങ്കിലും ഫൈനലില്‍ തിളങ്ങാന്‍ പോവുന്നത് ഓള്‍റൗണ്ടര്‍മാരായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ചും ക്രിക്കറ്റ് കമന്റേറ്ററുമായ രവി ശാസ്ത്രി പറയുന്നത്

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡും ഇന്ത്യയുടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഫൈനലില്‍ കിവിപ്പടയെ തുരത്തി ചാംപ്യന്‍സ് ട്രോഫി ഇന്ത്യന്‍ മണ്ണിലെത്തിക്കാനാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം. എങ്കിലും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ കീഴിലെത്തുന്ന സ്പിന്‍ യൂണിറ്റും മിന്നും ഫോമിലുള്ള ഇതിഹാസ താരം കെയ്ന്‍ വില്യംസണും ഇന്ത്യന്‍ ടീമിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

ഇരുടീമിലും ലോകോത്തര ബാറ്റര്‍മാരും ബോളര്‍മാരുമുണ്ടെങ്കിലും ഫൈനലില്‍ തിളങ്ങാന്‍ പോവുന്നത് ഓള്‍റൗണ്ടര്‍മാരായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ചും ക്രിക്കറ്റ് കമന്റേറ്ററുമായ രവി ശാസ്ത്രി പറയുന്നത്. ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും ടീമില്‍ പ്ലേയര്‍ ഓഫ് ദ മാച്ചാകാന്‍ സാധ്യതയുള്ള താരങ്ങളെ മുന്‍കൂട്ടി പ്രവചിച്ചിരിക്കുകയാണ് ശാസ്ത്രി.

'പ്ലേയര്‍ ഓഫ് ദ മാച്ചാകാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലോ രവീന്ദ്ര ജഡേജയോ ആയിരിക്കും. ന്യൂസിലാന്‍ഡ് ടീമില്‍ നിന്ന് ഗ്ലെന്‍ ഫിലിപ്‌സായിരിക്കും കലാശപ്പോരിലെ താരമാവുക. ഫീല്‍ഡിങ്ങില്‍ അദ്ദേഹത്തിന്റെ ബ്രില്ല്യന്‍സ് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഗ്ലെന്‍ ഫിലിപ്‌സ് 40-50 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് ഇന്ത്യയെ ഞെട്ടിച്ചേക്കാം', രവി ശാസ്ത്രി പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി പലപ്പോഴും നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത താരങ്ങളാണ് ജഡേജയും അക്‌സറും. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ സ്പിന്‍ യൂണിറ്റിന്റെയും നിര്‍ണായക താരങ്ങളാണ് ഇരുവരും. ബാറ്റുകൊണ്ടും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം മാര്‍ച്ച് ഒന്‍പതിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.

Content Highlights: Champions Trophy 2025: Ravi Shastri Predicts Two Players Who Can Win Man Of The Match In The Final

dot image
To advertise here,contact us
dot image