ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമോ? മറുപടി നല്‍കി ശുഭ്മന്‍ ഗില്‍

ക്യാപ്റ്റന്‍ രോഹിത് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ ഏകദിനവും മതിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

dot image

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ ഏകദിനവും മതിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ ടൂര്‍ണമെന്റ് ഫൈനലിലെത്തിയ സാഹചര്യത്തില്‍ കിരീടമുയര്‍ത്തി രോഹിത് ഏകദിനത്തില്‍ നിന്ന് വിരമിക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ രോഹിത്തിന്റെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. വിരമിക്കല്‍ പദ്ധതികളെ കുറിച്ച് രോഹിത് ഇന്ത്യന്‍ ടീമുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഗില്‍ പറയുന്നത്. കിരീടം നേടുക മാത്രമാണ് ടീമിന്റെയും ക്യാപ്റ്റന്റെയും ശ്രദ്ധയെന്നാണ് ഗില്‍ വ്യക്തമാക്കിയത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗില്‍.

'ഡ്രസ്സിങ് റൂമില്‍ ഇപ്പോള്‍ ആരുടെയും വിരമിക്കലിനെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. അദ്ദേഹം ടീമിനോടോ എന്നോടോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. എല്ലാ താരങ്ങളെയും പോലെ ഫൈനല്‍ ജയിക്കുന്നതിലാണ് രോഹിത്തിന്റെയും ശ്രദ്ധ. ചര്‍ച്ചകളും സംസാരങ്ങളുമെല്ലാം മത്സരം വിജയിക്കുന്നതിനെക്കുറിച്ചാണ്. നാളെ മത്സരം കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്ന് കരുതുന്നു. പക്ഷേ ടീമിലെ ആരില്‍നിന്നും ഞാന്‍ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല', ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ച്ച് ഒന്‍പതിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്ലാക്ക് ക്യാപ്‌സിനെതിരെ 44 റണ്‍സിന്റെ വിജയം ഉള്‍പ്പെടെ ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഉറച്ച കിരീട ഫേവറൈറ്റുകളായാണ് മത്സരത്തിലേക്ക് പ്രവേശിക്കുന്നത്.

രോഹിത്തിന്റെ കീഴില്‍ ഇത് നാലാം ഐസിസി ടൂര്‍ണമെന്റ് ഫൈനലിലേക്കാണ് ഇന്ത്യ പ്രവേശിക്കുന്നത്. ഫൈനലില്‍ ഇന്ത്യയുടെ പ്രകടനം രോഹിത് ശര്‍മയുടെ ഭാവിയെ കാര്യമായിത്തന്നെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ചാംപ്യന്‍സ് ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെ, രണ്ടു വര്‍ഷത്തിനപ്പുറം നടക്കേണ്ട ഏകദിന ലോകകപ്പിനുള്ള ഒരുക്കം തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ക്യാപ്റ്റനെ രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ടെത്തേണ്ടതിനാല്‍, രോഹിത് ശര്‍മയുടെ ഭാവി നിര്‍ണയിക്കുക ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ പ്രകടനമാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ കിരീടവിജയത്തോടെ ആ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച രോഹിത്, ടെസ്റ്റിലും ഏകദിനത്തിലും ഇപ്പോഴും ഇന്ത്യന്‍ നായകനാണ്. ഏകദിനത്തിലെ പ്രധാന ടൂര്‍ണമെന്റ് വിജയത്തോടെ 37 കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നു.

Content Highlights: Champions Trophy final: Shubman Gill's big statement on Rohit Sharma's retirement

dot image
To advertise here,contact us
dot image