ടോം ആന്‍ഡ് ജെറി പോലെയാണ് അവർ; ഫൈനലിന്‍റെ ഫലം നിര്‍ണയിക്കുക വില്യംസണ്‍-ജഡേജ പോരാട്ടമെന്ന് അശ്വിന്‍

'അക്‌സറാണ് വില്യംസണിനെ പുറത്താക്കിയതെങ്കിലും ജഡേജയാണ് അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിച്ചത്'

dot image

ചാംപ്യന്‍സ് ട്രോഫി ഫൈനലിന്റെ ഫലം ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മിലുള്ള പോരാട്ടത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഇന്ത്യയുടെ മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- ന്യൂസിലാന്‍ഡ് കലാശപ്പോരിനെ വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു അശ്വിന്‍. സ്വന്തം യുട്യൂബ് ചാനലായ 'ആഷ് കി ബാത്തി'ല്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഇന്ത്യയുടെ സ്പിന്‍ ഇതിഹാസത്തിന്റെ നിരീക്ഷണം.

'നിങ്ങള്‍ ഒരു ക്രിക്കറ്റ് ആസ്വാദകനാണെങ്കില്‍ കെയ്ന്‍ വില്യംസണും രവീന്ദ്ര ജഡേജയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന്റെ ഏറ്റവും ആകര്‍ഷകമാവുക. ജഡേജയെ നേരിടുമ്പോള്‍ വില്യംസണ്‍ ലെഗ് സ്റ്റംപിലേയ്ക്ക് നീങ്ങും. കാരണം വില്യംസണ് തന്നെയറിയാം ജഡ്ഡു തന്നെ കുഴപ്പിക്കുമെന്ന്', അശ്വിന്‍ പറയുന്നു.

'ചിലപ്പോള്‍ വില്യംസണ്‍ ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി ബോളറിന് മുകളിലൂടെ ചിപ്പ് ഷോട്ടോ അല്ലെങ്കില്‍ എക്‌സ്ട്രാ കവറിലേക്ക് ഷോട്ടോ കളിക്കും. ബാക്ക്ഫൂട്ടില്‍ നിന്ന് കട്ട് ഷോട്ട് കളിക്കാനും വില്യംസണ്‍ ജഡേജയ്ക്ക് എതിരെ ശ്രമിക്കും. ഒരുതരം എലിയും പൂച്ചയും കളിയാണ് ഇവര്‍ക്കിടയില്‍ നടക്കുക. ജഡേജയെ മറികടക്കാന്‍ വില്യംസണ്‍ ശ്രമിക്കുന്നു. എന്നാല്‍ മറുവശത്ത് ജഡേജ തന്റെ ലെങ്ത്തിലും സ്പീഡിലും വേരിയേഷന്‍ കൊണ്ടുവരാനായിരിക്കും ശ്രമിക്കുക', അശ്വിന്‍ ചൂണ്ടിക്കാട്ടി.

'ടോം ആന്‍ഡ് ജെറി കളി പോലെയാണ് ക്രീസില്‍ ഇവര്‍. ജഡേജയ്ക്കും വില്യംസണിനും ഇടയിലുള്ള പോരാട്ടത്തിന് മത്സര ഫലത്തെ നിര്‍ണയിക്കാന്‍ കഴിയും. വില്യംസണും ജഡേജയും തമ്മിലുള്ളത് ആവേശകരമായ പോരാട്ടമാണ്. വരുണിനും കുല്‍ദീപിനും എതിരെ വില്യംസണ്‍ നന്നായി ബാറ്റ് ചെയ്തു. അക്‌സറാണ് വില്യംസണിനെ പുറത്താക്കിയതെങ്കിലും ജഡേജയാണ് അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിച്ചത്,' അശ്വിന്‍ വ്യക്തമാക്കി.

'ഒരു സാധാരണ ഇടംകയ്യന്‍ സ്പിന്നറേക്കാള്‍ വേഗതയുള്ളവനാണ് ജഡ്ഡു. ജഡേജയ്‌ക്കെതിരെ കട്ട് ഷോട്ട് കളിക്കുക എന്നത് പ്രയാസമാണ്. അദ്ദേഹത്തിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കുന്നത് അസാധ്യമാണെന്ന് തന്നെ പറയാം. സ്ലോഗ് സ്വീപ്പ് കളിക്കാനാവും. എന്നാല്‍ ട്രഡീഷണല്‍ സ്വീപ്പ് ജഡേജയ്ക്ക് എതിരെ കളിക്കാന്‍ സാധിക്കില്ല.', അശ്വിന്‍ പറഞ്ഞു.

'കെയ്ന്‍ വില്യംസണിന് മുകളില്‍ ജഡേജയ്ക്ക് ആധിപത്യം നല്‍കുന്ന ഘടകം കിവീസ് താരത്തിനെതിരെ ജഡേജ സ്ലോ ബോള്‍ എറിഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല ടേണ്‍ കണ്ടെത്താന്‍ ജഡേജയ്ക്ക് സാധിച്ചിട്ടുമുണ്ട്. ഇതിന് കാരണം ജഡേജയുടെ ഹൈ റീലീസ് പോയിന്റ് ആണ്.', അശ്വിന്‍ വ്യക്തമാക്കി.

'പക്ഷേ കെയ്ന്‍ വില്യംസണ്‍ ബുദ്ധിമാനാണ്. അതുകൊണ്ടാണ് സ്റ്റംപിന് മുന്‍പില്‍ നിന്ന് വില്യംസണ്‍ മാറുന്നത്. ജഡേജയെ സ്റ്റംപിലേക്ക് പന്തെറിയാനാണ് വില്യംസണ്‍ ആവശ്യപ്പെടുന്നത്. കവറിലൂടെ ചിപ്പ് ഷോട്ടും കളിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇതുതന്നെയാണ് ജഡേജയ്ക്ക് എതിരെ വില്യംസണ്‍ ചെയ്തത്,' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മാര്‍ച്ച് ഒന്‍പതിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.

Content Highlights: Kane Williamson vs Ravindra Jadeja contest can decide the outcome of the Champions Trophy final: R Ashwin

dot image
To advertise here,contact us
dot image