'കോഹ്‌ലി ഫോം തുടര്‍ന്നാല്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പ്'; ആത്മവിശ്വാസത്തോടെ ബാല്യകാല പരിശീലകന്‍

ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് വീഴ്ത്തിയ ഇന്ത്യന്‍ താരവും കോഹ്‌ലിയാണ്

dot image

വിരാട് കോഹ്‌ലി മികച്ച ഫോം തുടര്‍ന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാമെന്ന് കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ ബാറ്റുവീശുന്ന കോഹ്‌ലി ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയ താരമാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് വീഴ്ത്തിയ ഇന്ത്യന്‍ താരവും കോഹ്‌ലിയാണ്.

ഇപ്പോള്‍ നിര്‍ണായക ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീം തന്നെ വിജയം സ്വന്തമാക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് വിരാട് കോഹ്‌ലിയുടെ മുന്‍ കോച്ച് രാജ്കുമാര്‍ ശര്‍മ. 'ഇതൊരു വലിയ മത്സരമാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്ന രീതി നോക്കുമ്പോള്‍ കിരീടം നേടുമെന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഇതുവരെ എല്ലാ മത്സരങ്ങളിലും വിജയിച്ചു. എല്ലാ കളിക്കാരും അവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ട്. അവര്‍ ഒരു നല്ല ടീമായാണ് കളിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ടീം കിരീടം നേടുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്', രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ഫോം ഫൈനലിലും തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'വിരാട് കോഹ്ലി ഫോമും തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇതുപോലെ കളിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യ തീര്‍ച്ചയായും ഫൈനലില്‍ വിജയിക്കും', കോച്ച് കൂട്ടിച്ചേര്‍ത്തു.

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമനാണ് കോഹ്‌ലി. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 72.33 ശരാശരിയില്‍ 217 റണ്‍സ് നേടിയ കിംഗ് ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. പാകിസ്താനെതിരെ 111 പന്തില്‍ പുറത്താകാതെ 100 റണ്‍സും സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 84 (98) റണ്‍സും നേടിയ കോഹ്‌ലി ഈ രണ്ട് വിജയങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Content Highlights: If Virat Kohli continues his form, India will win says Childhood coach Rajkumar Sharma

dot image
To advertise here,contact us
dot image