
ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി പോരാട്ടത്തിനിടെയുണ്ടായ വിവാദത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തര്‍. റമദാന്‍ നോമ്പിന്റെ സമയത്തും ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് കാരണമായത്. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കിയ ഷമിയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് തുടര്‍ച്ചയായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി വിവാദ പരാമര്‍ശവും നടത്തിയിരുന്നു. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്തമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നുമായിരുന്നു റസ്വി പറഞ്ഞത്. ഈ വിഷയത്തിലാണ് ഷമിയെ പൂര്‍ണമായും പിന്തുണച്ച് അക്തര്‍ രംഗത്തെത്തിയത്.
'ഷമി സാഹിബ്, ദുബായിലെ ക്രിക്കറ്റ് മൈതാനത്ത് ഉച്ചതിരിഞ്ഞുള്ള കത്തുന്ന വെയിലിലാണ് നിങ്ങള്‍ വെള്ളം കുടിച്ചത്. അതില്‍ എന്തെങ്കിലും പ്രശ്‌നമുള്ള പിന്തിരിപ്പന്മാരായ വിഡ്ഢികള്‍ പറയുന്നതൊന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ട. ഇതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. നമ്മുടെയെല്ലാവരുടെയും അഭിമാനമുയര്‍ത്തുന്ന ഇന്ത്യന്‍ ടീമിലെ ഒരാളാണ് നിങ്ങള്‍. നിങ്ങള്‍ക്കും മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍', അക്തര്‍ എക്‌സില്‍ കുറിച്ചു.
Shami saheb , don’t give a damn to those reactionary bigoted idiots who have any problem with your drinking water in a burning afternoon at a cricket field in Dubai . It is none of their business. You are one of the great Indian team that is making us all proud My best wishes…
— Javed Akhtar (@Javedakhtarjadu) March 7, 2025
ചാംപ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് നാലിന് നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. ദുബായില്‍ നടന്ന മത്സരത്തിനിടയില്‍ ഷമി എനര്‍ജി ഡ്രിങ്ക് പോലുള്ള വെള്ളം കുടിച്ചിരുന്നു. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം താരത്തിന് മേല്‍ ഉയര്‍ന്നു.
അതേസമയം, ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതിനാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. ഈ കടുത്ത ചൂടില്‍ വെള്ളം കുടിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നും ഈ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്ന ദൈവമാണ് മുകളിലുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Javed Akhtar sends message to Mohammed Shami following Roza row in Champions Trophy