മിച്ചല്‍ സാന്റ്നര്‍ എന്ന ക്യാപ്റ്റന്റെ വിജയത്തിന് പിന്നില്‍ ധോണി;നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ താരം

'ധോണിയെപ്പോലുള്ള ഇതിഹാസ താരത്തിന്റെ കൂടെ ഇത്രയും വര്‍ഷങ്ങള്‍ സിഎസ്‌കെയ്ക്കൊപ്പം ചെലവഴിച്ച ഒരാള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും.'

dot image

ന്യൂസിലാന്‍ഡ് ടീം ക്യാപ്റ്റന്‍ മിച്ചല്‍ സാൻ്റ്നറുടെ വിജയത്തില്‍ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ എം എസ് ധോണിക്ക് വലിയ പങ്കുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ചാംപ്യന്‍സ് ട്രോഫി ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന് മുന്നോടിയായാണ് വസീം ജാഫറിന്റെ പ്രതികരണം. ക്യാപ്റ്റന്‍ കൂളെന്ന് അറിയപ്പെടുന്ന ധോണിക്ക് കീഴില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ചത് സാന്റ്‌നറെ ക്യാപ്റ്റനെന്ന നിലയില്‍ സ്വാധീനിച്ചിരിക്കാമെന്നാണ് വസീം ജാഫര്‍ പറയുന്നത്.

'എം എസ് ധോണിയുടെ കീഴില്‍ കളിച്ചത് മിച്ചല്‍ സാന്റ്‌നര്‍ക്ക് വിലപ്പെട്ട ഒരു അനുഭവമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ധോണിയെപ്പോലുള്ള ഇതിഹാസ താരത്തിന്റെ കൂടെ ഇത്രയും വര്‍ഷങ്ങള്‍ സിഎസ്‌കെയ്ക്കൊപ്പം ചെലവഴിച്ച ഒരാള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും. മാത്രമല്ല അദ്ദേഹത്തിന്റെ ടീമില്‍ കെയ്ന്‍ വില്യംസണുമുണ്ട്. അദ്ദേഹവും ഒരു മികച്ച ക്യാപ്റ്റനാണ്', ജാഫര്‍ പറഞ്ഞു.

2018 മുതലാണ് സാന്റ്‌നര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാവുന്നത്. പിന്നീട് ചെന്നൈ ഇലവനില്‍ നിര്‍ണായക സാന്നിധ്യമായ കിവീസ് താരം 2025 ഐപിഎല്‍ താരലേലത്തിലാണ് ചെന്നൈ വിടുന്നത്. സിഎസ്‌കെ നിലനിര്‍ത്താതിരുന്ന സാന്റ്‌നറെ താരലേലത്തില്‍ മുബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു.

അതേസമയം മിച്ചല്‍ സാന്റ്‌നര്‍ നയിച്ച ന്യൂസിലാന്‍ഡ് ടീം മിന്നും പ്രകടനം കാഴ്ച വെച്ചാണ് ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത്. മാര്‍ച്ച് ഒന്‍പതിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍.

Content Highlights: MS Dhoni is behind Mitchell Santner’s success as captain: Former India player

dot image
To advertise here,contact us
dot image