AI യുഗത്തില്‍ മെനഞ്ഞെടുത്ത ക്രിയേറ്റീവ് കഥ, കോഹ്‌ലി വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല; വാർത്തകള്‍ തള്ളി അശ്വിന്‍

ഇതേ പോസ്റ്റ് റീഷെയര്‍ ചെയ്ത് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വിന്‍

dot image

ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വിരമിക്കുമെന്ന് താന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. 2024 ടി20 ലോകകപ്പ് വിജയത്തോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇരുതാരങ്ങളും ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിന ക്രിക്കറ്റും മതിയാക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് അശ്വിന്റേതെന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായത്. 'രോഹിത് 2027 ലോകകപ്പില്‍ കളിക്കുന്നത് ലക്ഷ്യമിടുന്നുണ്ടെന്നും കോഹ്‌ലി ഉടന്‍ വിരമിക്കുമെന്നുമാണ് എനിക്കറിയാന്‍ കഴിഞ്ഞത്. വിരാട് കോഹ്‌ലി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഉടനെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കാമെന്ന് വിരാട് എന്നോട് സംസാരിച്ചിരുന്നു', എന്നാണ് പോസ്റ്റ്. അശ്വിന്‍ തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച പ്രതികരണം എന്ന തരത്തിലുള്ള പോസ്റ്റ് അതിവേഗം വൈറലാവുകയും ചെയ്തു.

എന്നാല്‍ ഇതേ പോസ്റ്റ് റീഷെയര്‍ ചെയ്ത് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വിന്‍. 'എഐ യുഗത്തിലും ക്രിയേറ്റീവായി കഥയുണ്ടാക്കുന്ന ആളുകള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. നല്ല തിരക്കഥയാണ്. പക്ഷേ അടുത്ത തവണ ലീഡ് റോളില്‍ എന്നെ കാസ്റ്റ് ചെയ്യുന്നതിന് മുന്നെ എന്നോട് ഒന്നു ചോദിക്കാമോ?' എന്നാണ് അശ്വിന്‍ എക്‌സില്‍ കുറിച്ചത്.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി ഫൈനലിനൊരുങ്ങുകയാണ് രോഹിത് ശര്‍മയും സംഘവും. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് ഇന്ത്യന്യൂസിലാന്‍ഡ് ഫൈനല്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്ലാക്ക് ക്യാപ്സിനെതിരെ 44 റണ്‍സിന്റെ വിജയം ഉള്‍പ്പെടെ ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഉറച്ച കിരീട ഫേവറേറ്റുകളായാണ് മത്സരത്തിലേക്ക് പ്രവേശിക്കുന്നത്.

Content Highlights: Ashwin reacts to his fake quotes on Rohit-Kohli's ODI future: 'Humans excelling at creative storytelling in AI era'

dot image
To advertise here,contact us
dot image