
ഇന്ത്യയുടെ നാലാം നമ്പർ ബാറ്ററായ ശ്രേയസ് അയ്യരെ മുക്തകണ്ഠം പുകഴ്ത്തി ഇതിഹാസ സ്പിന്നർ ആർ അശ്വിൻ രംഗത്ത്. വിരാട് കോഹ്ലി ഈ പരമ്പരയിൽ മികച്ച രീതിയിൽ കളിക്കാനുള്ള കാരണം അപ്പുറത്ത് ശ്രേയസ് അയ്യർ മധ്യഓവറുകളിൽ സ്പിന്നർമാർക്കെതിരെ ആധികാരികമായി കളിക്കുന്നത് കൊണ്ട് കൂടിയാണെന്നാണ് അശ്വിൻ പറയുന്നത്.
ശ്രേയസ് അയ്യർ ഈ പരമ്പരയിൽ സെഞ്ച്വറിയടിക്കുകയോ മാൻ ഓഫ് ദി മാച്ചാവുകയോ ചെയ്തിട്ടില്ല. പക്ഷേ, ടൂർണമെന്റിലെ കൂടുതൽ റൺസെടുത്തവരുടെ നിരയിൽ അദ്ദേഹമുണ്ട്. 195 റൺസാണ് അദ്ദേഹം ഈ ടൂർണമെന്റിൽ നേടിയിട്ടുള്ളത്. ഫൈനലിലും ഗെയിം ചേഞ്ചർ ശ്രേയസ് അയ്യർ ആയിരിക്കുമെന്നാണ് അശ്വിൻ പറയുന്നത്. 2003 ലോകകപ്പിലേ ശ്രേയസ് അയ്യരുടെ മികച്ച ബാറ്റിങ് നമ്മൾ കണ്ടിട്ടുള്ളതാണ്. നിലവിൽ ടീമിലെ ഏറ്റവും ഫോമിലുള്ള താരം കൂടിയാണ് ശ്രേയസ് അയ്യർ. ഷോർട്ട് ബോളുകളിൽ അദ്ദേഹം ടെക്നിക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. അശ്വിൻ ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാനെതിരെ വിരാടിനൊപ്പം ചേർന്ന് 114 റൺസിൻറെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശ്രേയസ് അയ്യർ ന്യൂസിലാൻഡിനെതിരെ അക്സറിനൊപ്പം 98 റൺസിന്റെ പാർട്ണർഷിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓസീസിനെതിരെയും നിർണായകഘട്ടത്തിൽ 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അപ്പുറത്തുള്ള വിരാട് കോഹ്ലിയുടെ സമ്മർദം കുറയ്ക്കാൻ അയ്യർക്ക് സാധിക്കുന്നുണ്ട്. വിരാടിന്റെ ഈ ടൂർണമെന്റിലെ വിജയത്തിൽ ഒരു പങ്ക് അയ്യരിനുമുണ്ട്. ഇവരുടെ കൂട്ടുകെട്ടാണ് പല മത്സരങ്ങളിലുമുള്ള ഇന്ത്യയുടെ വിജയത്തിന് കാരണം. അശ്വിൻ ചൂണ്ടിക്കാട്ടുന്നു.
content highlights: Virat Kohli is able to play the way he is playing because of Shreyas Iyer: R Ashwin