മെഗ് ലാന്നിങ്ങിന് ഹര്‍ലീന്‍ ഡിയോളിന്റെ മറുപടി; ക്യാപിറ്റല്‍സിനെ മുട്ടുകുത്തിച്ച് ഗുജറാത്ത്‌

49 പന്തില്‍ പുറത്താവാതെ 70 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്

dot image

വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്‌സ്. അഞ്ച് വിക്കറ്റിനാണ് ​ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ക്യാപിറ്റൽ‌സ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി.

49 പന്തില്‍ പുറത്താവാതെ 70 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. 44 റണ്‍സെടുത്ത ബേത് മൂണിയും നിർണായക സംഭാവന നൽകി. നേരത്തെ ക്യാപ്റ്റൻ മെഗ് ലാന്നിങ്ങിന്റെ 92 റണ്‍സ് ബലത്തിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗുജറാത്തിന് വേണ്ടി മേഘ്‌ന സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സെടുത്തത്. ഷഫാലി വര്‍മ 40 റൺസും നേടി. ഒന്നാം വിക്കറ്റില്‍ ലാന്നിംഗ് -

ഷഫാലി വര്‍മ സഖ്യം 83 റണ്‍സ് ചേര്‍ത്തു. എന്നാൽ ഒമ്പതാം ഓവറില്‍ സഖ്യം പിരിഞ്ഞതിനുശേഷം ക്യാപിറ്റൽസ് കൂട്ടത്തോടെ തകരുകയായിരുന്നു.

ജെസ് ജൊനാസെന്‍ (9), ജമീമ റോഡ്രിഗസ് (4), അന്നാബെല്‍ സതര്‍ലാന്‍ഡ് (14) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ലാന്നിംഗും മടങ്ങി. 57 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 15 ഫോറും നേടി. മരിസാനെ കാപ്പ് (7) സാറെ ബ്രൈസ് (6) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറിൽ ദയലന്‍ ഹേമലതയുടെ വിക്കറ്റാണ് ​ഗുജറാത്തിന് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസിലൊരുമിച്ച ബെത്ത് മൂണി – ഹര്‍ലീന്‍ ഡിയോള്‍ കൂട്ടുകെട്ട് 85 റൺസാണ് കൂട്ടിച്ചേർത്തത്. മൂണി 35 പന്തിൽ 44 റൺസ് നേടിയ ശേഷം മലയാളി താരം മിന്നു മണിയ്ക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

ഹര്‍ലീന്‍ ഡിയോളിന് കൂട്ടായി എത്തിയ ആഷ്‍ലൈ ഗാര്‍ഡ്നര്‍ 13 പന്തിൽ 22 റൺസും ഡിയാന്‍ഡ്ര ഡോട്ടിന്‍ 10 പന്തിൽ 24 റൺസും നേടി സ്കോറിംഗ് നിരക്ക് ഉയര്‍ത്തി നിര്‍ത്തിയതും ഗുജറാത്തിന് തുണയായി. മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ​ഗുജറാത്ത് വിജയലക്ഷ്യത്തിലെത്തുമ്പോൾ 49 പന്തിൽ 70 റൺസുമായി ഹര്‍ലീന്‍ ഡിയോളും 3 പന്തിൽ 9 റൺസ് നേടി കാശ്വി ഗൗതമുമാണ് ക്രീസിലുണ്ടായിരുന്നത്. ഡൽഹിയ്ക്കായി ശിഖ പാണ്ഡേയും ജെസ്സ് ജോന്നാസ്സനും 2 വീതം വിക്കറ്റ് നേടി.

Content Highlights: WPL 2025: Harleen Deol's Unbeaten 70 Powers Gujarat Giants To Win By 5 Wickets Vs DC

dot image
To advertise here,contact us
dot image