CT 2025: പരിക്കേറ്റ മാറ്റ് ഹെന്റി ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുമോ? അപ്‌ഡേറ്റുമായി സാന്‍റ്നർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് മാറ്റ് ഹെന്റിയുടെ തോളിന് പരിക്കേല്‍ക്കുന്നത്

dot image

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലാന്‍ഡിന് തിരിച്ചടിയായിരിക്കുകയാണ് പേസര്‍ മാറ്റ് ഹെന്റിയുടെ പരിക്ക്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സെമി ഫൈനലിനിടെയാണ് ന്യൂസിലാന്‍ഡ് പേസര്‍ക്ക് തോളിന് പരിക്കേറ്റത്. ഇതോടെ ഇന്ത്യയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് വേണ്ടി ഹെന്റി കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയരുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഹെന്റിയുടെ പരിക്കിനെ കുറിച്ചും താരത്തിന്റെ ലഭ്യതയെ കുറിച്ചും അപ്‌ഡേറ്റ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍. ഫൈനലിന് മുന്‍പ് ഹെന്റി ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് സാന്റ്‌നര്‍ പ്രകടിപ്പിച്ചത്. ടീം മാനേജ്‌മെന്റ് ഹെന്റിയുടെ കായികക്ഷമത നിരീക്ഷിച്ചുവരികയാണെന്നും പരിശീലന സെഷനുകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും കിവീസ് ക്യാപ്റ്റന്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് മാറ്റ് ഹെന്റിയുടെ തോളിന് പരിക്കേല്‍ക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഹെന്റിക്ക് പുറത്തിരിക്കേണ്ടി വന്നാല്‍ ന്യൂസിലാന്‍ഡിന് വലിയ തിരിച്ചടിയായിരിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങാന്‍ ഹെന്റിക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലുടനീളം പത്ത് വിക്കറ്റാണ് കിവീസ് പേസര്‍ വീഴ്ത്തിയത്. ഹെന്റിയുടെ അഭാവം ന്യൂസിലാന്‍ഡ് പേസ് ബൗളിങ്ങിന്റെ മൂര്‍ച്ചയില്ലാതാക്കിയേക്കും.

Content Highlights: Mitchell Santner provides final UPDATE on Matt Henry’s injury ahead of ICC Champions Trophy final against India

dot image
To advertise here,contact us
dot image