യുപി വാരിയേഴ്‌സിനോടും പരാജയം; വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്

ടൂർണമെന്റിൽ ജീവൻ നിലനിർത്താൻ സ്മൃതി മന്ദാനയ്ക്കും സംഘത്തിനും വാരിയേഴ്സിനെതിരെ വിജയം അനിവാര്യമായിരുന്നു

dot image

2025 വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനോട് പരാജയം വഴങ്ങിയതിന് പിന്നാലെയാണ് നിലവിലെ ചാംപ്യന്മാരായ ആര്‍സിബി വനിതകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് യുപി വാരിയേഴ്‌സ് വനിതകള്‍ ആര്‍സിബിയെ പരാജയപ്പെടുത്തിയത്. യുപി വാരിയേഴ്‌സ് മുന്‍പില്‍ വെച്ച 226 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ആര്‍സിബി 19.3 ഓവറില്‍ 213 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ‌ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുക്കുകയായിരുന്നു. ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് യുപി വാരിയേഴ്സ് കൂറ്റൻ വിജയ ലക്ഷ്യം കണ്ടെത്തിയത്. 56 പന്തിൽ നിന്ന് 17 ഫോറും ഒരു സിക്സും സഹിതമാണ് ജോർജിയ 99 റൺസ് എടുത്തത്. വൺഡൗണായി ഇറങ്ങിയ കിരൺ 16 പന്തിൽ നിന്ന് 46 റൺസും നേടി.

വമ്പൻ വിജയ ലക്ഷ്യം മുൻപിൽ നിൽക്കെ വാരിയേഴ്സിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയാണ് ആർസിബി ബാറ്റിങ് ആരംഭിച്ചത്. എന്നാൽ ബിഗ് ഇന്നിങ്സ് കണ്ടെത്തുന്നതിൽ ആർസിബി താരങ്ങൾ പരാജയപ്പെട്ടു. 33 പന്തിൽ നിന്ന് 69 റൺസ് അടിച്ചെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിച്ചാ ഘോഷ് ആണ് ആർസിബിയുടെ ടോപ് സ്കോറർ. ആറ് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു റിച്ചയുടെ ഇന്നിങ്സ്.

ടൂർണമെന്റിൽ ജീവൻ നിലനിർത്താൻ സ്മൃതി മന്ദാനയ്ക്കും സംഘത്തിനും വാരിയേഴ്സിനെതിരെ വിജയം അനിവാര്യമായിരുന്നു. ഇത് മുൻനിർത്തി തുടക്കം മുതലേ ആർസിബി താരങ്ങൾ സ്കോറിങ്ങിന്റെ വേഗം കൂട്ടി. മേഘ്ന 12 പന്തിൽ നിന്ന് 27 റൺസ് എടുത്തു. എന്നാൽ ക്യാപ്റ്റൻ മന്ഥാനയ്ക്ക് നാല് റൺസ് മാത്രമാണ് നേടാനായത്. എല്ലിസ് പെറി 15 പന്തിൽ നിന്ന് 28 റൺസ് എടുത്തു. സ്നേഹ് റാണ ആറ് പന്തിൽ നിന്ന് 26 റൺസ് എടുത്തെങ്കിലും ആർസിബിയെ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. വാരിയേഴ്സിനായി ക്യാപ്റ്റൻ ദീപ്തി ശർമയും എക്ലസ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: WPL 2025: UP Warriorz wins by 12 runs, knocks out Royal Challengers Bengaluru

dot image
To advertise here,contact us
dot image