
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ സെഞ്ച്വറി നേട്ടവുമായി ശ്രീലങ്കൻ മാസ്റ്റേഴ്സ് നായകൻ കുമാർ സംഗക്കാര. 47 പന്തുകൾ നേരിട്ട് 19 ഫോറുകളും ഒരു സിക്സറിന്റെയും അകമ്പടിയോടെ 106 റൺസെടുത്ത സംഗക്കാര പുറത്താകാതെ നിന്നു. 225.53 ആണ് ലങ്കൻ നായകന്റെ സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ ഇംഗ്ലണ്ട് മാസ്റ്റേഴ്സിനെ ഒമ്പത് വിക്കറ്റിന് ശ്രീലങ്കൻ മാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയും ചെയ്തു.
നേരത്തെ ടോസ് നേടിയ ശ്രീലങ്കൻ മാസ്റ്റേഴ്സ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 39 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം 50 റൺസെടുത്ത ഫിൽ മസ്റ്റാർഡ് ഇംഗ്ലണ്ട് മാസ്റ്റേഴ്സിന് ഭേദപ്പെട്ട സ്കോർ നേടി നൽകി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് ഒയിൻ മോർഗൻ നായകനായ ഇംഗ്ലണ്ട് ടീമിന് നേടാൻ കഴിഞ്ഞത്.
12.5 ഓവറിൽ ശ്രീലങ്ക തിരിച്ചടിച്ച 150 റൺസിൽ 106 റൺസും പിറന്നത് സംഗക്കാരയുടെ ബാറ്റിൽ നിന്നായിരുന്നു. 46 പന്തിൽ സെഞ്ച്വറിയിലെത്തുമ്പോൾ സംഗക്കാരയുടെ ഇന്നിംഗ്സിൽ 19 ഫോറുകളായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിലെ അവസാന പന്തിലാണ് സംഗക്കാര ആദ്യ സിക്സർ നേടിയത്. രോമേഷ് കലുവിതരണ 16 റൺസ് നേടി. പുറത്താകാതെ 22 റൺസ് നേടിയ അസേല ഗുണരത്നെ ആയിരുന്നു മത്സരം അവസാനിക്കുമ്പോൾ സംഗക്കാരയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നത്.
ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് ശ്രീലങ്ക സെമിയിലേക്ക് കടന്നു. അഞ്ച് മത്സരങ്ങളിൽ നാലിലും ശ്രീലങ്ക വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും അഞ്ച് മത്സരങ്ങളിൽ നാലിലും ജയമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റിൽ ശ്രീലങ്കയാണ് മുന്നിൽ. കളിച്ച നാല് മത്സരങ്ങളും പരാജയപ്പെട്ട ഇംഗ്ലണ്ട് മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.
Content Highlights: Classic Kumar Sangakkara back in action