
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനായ ഇന്ത്യൻ താരം ശ്രേയസ് അയ്യരിനെ പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ശ്രേയസ് ഇന്ത്യൻ ക്രിക്കറ്റിലെ നിശബ്ദനായ ഹീറോ ആണെന്ന് രോഹിത് വിശേഷിപ്പിച്ചു. ടൂർണമെന്റിൽ ഉടനീളം ശ്രേയസിന്റെ പ്രകടനം മറക്കാൻ കഴിയില്ല. മധ്യനിരയിൽ പാർടണർഷിപ്പുകൾ ശ്രേയസ് പണിതത് മത്സരത്തിൽ നിർണായകമായി. ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ വിരാട് കോഹ്‍ലിയും ശ്രേയസ് അയ്യരും കൂട്ടിച്ചേർത്ത റൺസ് ടൂർണമെന്റ് വിജയത്തിൽ വലിയ പങ്ക് വഹിച്ചു. രോഹിത് ശർമ ചാംപ്യൻസ് ട്രോഫി വിജയത്തിന് ശേഷം പ്രതികരിച്ചു.
പാകിസ്താനെതിരെയും ന്യൂസിലാൻഡിനെതിരെയും ഗ്രൂപ്പ് ഘട്ടത്തിലും ശ്രേയസ് തിളങ്ങി. ഫൈനലിൽ താൻ പുറത്തായപ്പോൾ മൂന്ന് വിക്കറ്റുകളാണ് വേഗത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത്. അപ്പോൾ 50 മുതൽ 70 റൺസ് വരെ നീളുന്ന ഒരു പാർട്ണർഷിപ്പ് ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. ശ്രേയസ് അത് സാധ്യമാക്കി. അത് പിച്ചിന്റെ സ്വഭാവം കൃത്യമായി മനസിലാക്കിയ ശേഷമായിരുന്നു. ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ തന്റെ ജോലി എളുപ്പമാക്കിയ ഒരാളാണ് ശ്രേയസ് അയ്യരെന്നും രോഹിത് ശർമ വ്യക്തമാക്കി.
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് 2025ൽ ഏറ്റവും കൂടുതൽ റൺസെടുത്ത രണ്ടാമത്തെ താരമാണ് ഇന്ത്യയുടെ ശ്രേയസ് അയ്യർ. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ കളിച്ച ശ്രേയസ് 243 റൺസെടുത്തു. 79 റൺസാണ് ഉയർന്ന സ്കോർ. രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെയാണ് ശ്രേയസിന്റെ നേട്ടം. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ശ്രേയസ് 48 റൺസ് നേടി. ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ശ്രേയസ് അയ്യരാണ്.
ചാംപ്യൻസ് ട്രോഫി 2025ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ന്യൂസിലാൻഡിന്റെ രചിൻ രവീന്ദ്രയാണ്. നാല് മത്സരങ്ങൾ കളിച്ച രചിൻ 263 റൺസെടുത്തു. 112 റൺസാണ് ഉയർന്ന സ്കോർ. ടൂർണമെന്റിൽ രണ്ട് സെഞ്ച്വറികൾ താരം നേടിയിരുന്നു. ഇന്ത്യയ്ക്കെതിരായ ഫൈനലിൽ രചിൻ 37 റൺസും സംഭാവന ചെയ്തു.
Content Highlights: Shreyas Iyer was a silent hero, Rohit Sharma credits India batter