
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ചാംപ്യന്മാരായിരിക്കുകയാണ് രോഹിത് ശർമയും സംഘവും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. 2002നും 2013നും ശേഷം മൂന്നാം തവണയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്.
ഈ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിച്ചതിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ ഗവാസ്കർക്ക് തന്‍റെ സന്തോഷം മറച്ചുവയ്ക്കാനായില്ല. എന്നു മാത്രമല്ല കൊച്ചു കുഞ്ഞിനെ പോലെ തുള്ളിച്ചാടുകയും ചെയ്തു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'ഡാന്‍സ്'.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയാണ് ഗവാസ്കർ ആഹ്ളാദത്തോടെ ചുവടുവെക്കുന്ന സുനിൽ ഗവാസ്കറുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇന്ത്യ ചാംപ്യൻസ് ട്രോഫി നേടിയ ശേഷം ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ നൃത്തം ചെയ്യുകയും ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ട് റോബിന്‍ ഉത്തപ്പയും സ്പോർട്സ് അവതാരക മായന്തി ലാംഗറും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. 75കാരനായ ഗവാസ്കറുടെ വൈറല്‍ ഡാന്‍സ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
'ദിൽ തോ ബച്ചാ ഹേ ജി' (ഹിന്ദി ഗാനത്തിലെ ഹൃദയം കൊണ്ട് ഇപ്പോഴും കുട്ടിയാണ് എന്ന് അർത്ഥം വരുന്ന വരികളാണിത്) എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാർ സ്പോർട്സ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 4.5 മില്യണ്‍ വ്യൂസും എക്‌സിൽ 1.1 മില്യണ്‍ വ്യൂസും നേടിയ വീഡിയോ നിരവധി ക്രിക്കറ്റ് പ്രേമികളെ വികാരഭരിതരാക്കി. 75-ാം വയസിലും ഗവാസ്കർ കാത്തുസൂക്ഷിക്കുന്ന ഫിറ്റ്നസിനെ പ്രശംസിക്കാനും ആരാധകർ മറന്നില്ല.
Content Highlights: Sunil Gavaskar celebrates India’s Champions Trophy win with child-like dance