
ദുബായില്‍ ഞായറാഴ്ച നടന്ന ചാംപ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ ഇല്ലാതിരുന്ന സംഭവത്തില്‍ പ്രതികരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്താന്‍ ക്രിക്കറ്റിന്റെ പ്രതിനിധികള്‍ ഇല്ലാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കിരീടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മെഡലുകളും ട്രോഫിയും സമ്മാനിക്കുമ്പോഴും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ദേവജിത്ത് സൈക്കിയയും ഐസിസി ചെയര്‍മാന്‍ ജയ് ഷായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഡയറക്ടര്‍ റോജര്‍ ട്വോസും മാത്രമാണ് വേദിയിലുണ്ടായിരുന്നത്.
ആതിഥേയരെന്ന നിലയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ ട്രോഫി വിതരണ സമയത്ത് വേദിയില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ കപ്പ് നേടിയതോടെ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഉള്‍പ്പെടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിശദീകരണവുമായി ഐസിസി രംഗത്തെത്തിയത്. ദുബായില്‍ പിസിബി ഭാരവാഹികള്‍ ആരും പങ്കെടുത്തില്ലെന്നും അതിനാല്‍ അവതരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഐസിസി വക്താവ് വ്യക്തമാക്കിയത്.
'മിസ്റ്റര്‍ നഖ്വി ദുബായിലേക്ക് എത്തിയിരുന്നില്ല. ധാരണ പ്രകാരം ട്രോഫി അവതരണത്തിനായി ഭാരവാഹികളെ മാത്രമേ വിളിക്കാന്‍ കഴിയൂ. പക്ഷേ പിസിബിയില്‍ നിന്ന് ഒരു ഭാരവാഹിയും അതിനായി ലഭ്യമായിരുന്നില്ല,' ഇന്ത്യാ ടുഡേയോട് സംസാരിക്കവെ ഐസിസി വക്താവ് വിശദീകരിച്ചു.
അതിനിടെ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഹൈബ് അക്തര്‍ അടക്കം രംഗത്തെത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാന്‍ പിസിബിയുടെ ഒരു പ്രതിനിധി ഉണ്ടായിരിക്കണമായിരുന്നെന്നാണ് അക്തര്‍ പറഞ്ഞിരുന്നത്.
Content Highlights: ICC breaks silence on PCB's absence from Champions Trophy closing ceremony