'കീപ്പ് ചെയ്യുന്നത് അത്ര ഫണ്ണല്ല, സഞ്ജന!'; ഇന്ത്യന്‍ സ്പിന്നേഴ്സിനെ കുറിച്ച് രസകരമായ കമന്‍റുമായി രാഹുല്‍

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്രയുടെ പങ്കാളിയും ടിവി അവതാരികയുമാണ് സഞ്ജന ഗണേശന്‍

dot image

2025 ചാംപ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യന്‍ സ്പിന്നര്‍മാരെ എങ്ങനെ കീപ്പ് ചെയ്യിക്കണമെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍. ഫൈനലിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്രയുടെ പങ്കാളിയും ടിവി അവതാരികയുമായ സഞ്ജന ഗണേശന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രാഹുല്‍.

നെറ്റ്‌സിലും ഫീല്‍ഡിലും സ്പിന്നര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എത്രമാത്രം രസകരമാണെന്നായിരുന്നു അവതാരികയുടെ ചോദ്യം. 'അത് അത്ര രസകരമായ കാര്യമല്ല സഞ്ജന. ഈ സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ എനിക്ക് 200-250 തവണ സ്‌ക്വാട്ട് ചെയ്യേണ്ടി വരും', എന്നായിരുന്നു രാഹുലിന്റെ മറുപടി.

എന്നിരുന്നാലും ചാംപ്യന്‍സ് ട്രോഫിയിലുടനീളം ഇന്ത്യയുടെ സ്പിന്‍ നിര പുലര്‍ത്തിയ മികവിനെ രാഹുല്‍ പ്രശംസിക്കുകയും ചെയ്തു. അവര്‍ ബൗള്‍ ചെയ്യുമ്പോള്‍ സ്റ്റംപുകള്‍ക്ക് പിന്നില്‍ കീപ്പര്‍ എന്ന നിലയില്‍ തനിക്ക് വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും രാഹുല്‍ തുറന്നുപറഞ്ഞു.

'ഉയര്‍ന്ന നിലവാരമുള്ള പ്രകടനമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കാഴ്ച വെച്ചത്. പിച്ചുകളും അവരെ നന്നായി സഹായിച്ചു. അവരെ കൂടുതല്‍ അപകടകാരികളാക്കി. സ്റ്റംപിന് പിന്നില്‍ അവരെ നേരിടുന്നത് വലിയ വെല്ലുവിളി ആയിരുന്നു. അവര്‍ പന്തെറിഞ്ഞതും ആ സാഹചര്യങ്ങളെ അവര്‍ ഉപയോഗിച്ചതുമായ രീതി അസാധാരണമായിരുന്നു', രാഹുല്‍ സഞ്ജനയോട് പറഞ്ഞു.

അതേസമയം ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം വീണ്ടെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (76) അര്‍ധ സെഞ്ച്വറിയും ശ്രേയസ് അയ്യരുടേയും (48) കെ എല്‍ രാഹുലിന്റേയും (34*) ബാറ്റിങ് പ്രകടനങ്ങളും സ്പിന്നര്‍മാരുടെ മിന്നും ബൗളിങ്ങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

Content Highlights: KL Rahul's on-camera response to Jasprit Bumrah's wife testament to India spinners' class

dot image
To advertise here,contact us
dot image