
2025ലെ ഐസിസി ചാംപ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം എത്താന്‍ ലോകം കുറച്ച് സമയമെടുക്കുമെന്ന് പറഞ്ഞ അശ്വിൻ 1990 കളിലും 2000 കളിലും ഓസ്‌ട്രേലിയ ചെയ്തതുപോലെ ലോക ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി വിജയത്തിൽ ഏറ്റവും വലിയ നേട്ടം സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര ഇല്ലാതെ തന്നെ അവർ വിജയിച്ചു എന്നതാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
'ഇതേ ഒഴുക്ക് തുടർന്നാൽ ലോക ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ ടീമിനൊപ്പം എത്താൻ കുറച്ച് സമയമെടുക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ ഭാവിതലമുറയ്ക്ക് ഇത് വലിയ നേട്ടമായിരിക്കും. ലോക ക്രിക്കറ്റിൽ 1990 മുതൽ 2010 വരെയും ഓസ്‌ട്രേലിയ ചെയ്‌തത് ഇന്ത്യയ്ക്ക് ആവർത്തിക്കാൻ കഴിയും. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോൾ നമുക്കുണ്ട്', അശ്വിന്‍ വ്യക്തമാക്കി.
'നമ്മൾ ജയിച്ചത് ബാറ്റിങ്ങിലൂടെയല്ല, മറിച്ച് നമ്മുടെ ബോളിംഗിലൂടെയാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കേണ്ടതുണ്ട്. ദയവുചെയ്ത് എല്ലാവരും ബോളർമാരെ അഭിനന്ദിക്കണം. വളരെ താഴെത്തട്ടിൽ നിന്നുതന്നെ നമ്മൾ ബോളർമാരെ പ്രോത്സാഹിപ്പിക്കണം', അശ്വിന്‍ പറഞ്ഞു.
'ബുംമ്രയില്ലാതെ ഈ ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി നേടി. അത് വളരെ അതിശകരമായ കാര്യമാണ്. ഈ കിരീടനേട്ടം പൂർണ്ണമായും ബോളർമാർക്കായി സമർപ്പിക്കുന്നു. ജസ്പ്രീത് ബുംമ്ര ഇല്ലാതെയാണ് നിങ്ങൾ കിരീടം സ്വന്തമാക്കിയത്, ഹാറ്റ്സ് ഓഫ്. ഇനി 2026 ലെ ലോക ടി20 ടീമിൽ ജസ്പ്രീത് ബുംമ്ര, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരുടെ പേരുകൾ എഴുതി നിങ്ങളുടെ ടീമിനെ തിരഞ്ഞെടുക്കുക. അതൊരു അപകടകരമായ സ്ക്വാഡ് ആയിരിക്കും', അശ്വിന്‍ കൂട്ടിച്ചേർത്തു.
Content Highlights: R Ashwin says world cricketing fraternity will take some time to catch up with Indian team