'വഞ്ചനാപരം, പ്രതിനിധി ഉണ്ടായിട്ടും സമ്മാനദാന ചടങ്ങിൽ പങ്കെടുപ്പിച്ചില്ല'; ICC ക്ക് പരാതിയുമായി PCB

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനലിൽ പിസിബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുമൈർ അഹമ്മദ് സയ്യിദ് പങ്കെടുത്തിരുന്നു

dot image

മാർച്ച് 9 ന് ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ പാകിസ്താൻ പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ അതൃപ്തിയുമായി പാക് ക്രിക്കറ്റ് ബോർഡ്. വിഷയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് ( ഐസിസി ) ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് പാകിസ്താൻ ദിനപത്രമായ 'ഡോൺ' റിപ്പോർട്ട് ചെയ്തു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനലിൽ പിസിബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുമൈർ അഹമ്മദ് സയ്യിദ് പങ്കെടുത്തിരുന്നു. പക്ഷേ അവാർഡുകൾ സമ്മാനിക്കുന്ന വിശിഷ്ട വ്യക്തികളുടെ ഭാഗമായി വേദിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല ടൂർണമെന്റിന്റെ ഡയറക്ടർ കൂടിയായിരുന്നു സുമൈർ അഹമ്മദ്.

'വിശദീകരണവും പരസ്യമായി മാപ്പ് പറയലും ആവശ്യപ്പെട്ട് ഐസിസിക്ക് ഔപചാരിക പരാതി നൽകിയിട്ടുണ്ട്, ടൂർണമെന്റ് ഡയറക്ടറും പിസിബി ചെയറിന്റെ നിയുക്ത പ്രതിനിധിയുമായിരുന്ന മിസ്റ്റർ സയ്യിദിനെ ഒഴിവാക്കാനുള്ള ഐസിസിയുടെ തീരുമാനം ആതിഥേയ രാജ്യമെന്ന നിലയിലും പങ്കാളിത്ത രാജ്യമെന്ന നിലയിലും പാകിസ്താൻ ടീമിനോട് കാണിച്ച വഞ്ചനയാണ്' പിസിബി വാക്താവ് റിപ്പോർട്ടിൽ പറയുന്നു.

പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും അസുഖം കാരണം അദ്ദേഹത്തിന് ദുബായിലേക്ക് പോകാൻ കഴിഞ്ഞില്ല. അതേസമയം, വേദിയിലെ മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം ചേരാൻ സയ്യിദിനോട് ആവശ്യപ്പെടാത്തതിന്റെ കാരണം ഐസിസി വ്യക്തമാക്കി.

'പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയർമാൻ അല്ലെങ്കിൽ സിഇഒ പോലുള്ള ആതിഥേയ ബോർഡിന്റെ തലവനെ മാത്രമേ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഐസിസി ക്ഷണിക്കുന്നുള്ളൂ. മറ്റ് ബോർഡ് ഉദ്യോഗസ്ഥർ, വേദിയിൽ ഉണ്ടായിരുന്നെങ്കിൽ പോലും, വേദി നടപടിക്രമങ്ങളുടെ ഭാഗമാകില്ല,' ഐസിസി വക്താവ് പറഞ്ഞു.

അതേ സമയം ദുബായില്‍ ഞായറാഴ്ച നടന്ന ചാംപ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങിലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുടെ അഭാവത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ രംഗത്തേത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാന്‍ പിസിബിയുടെ ഒരു പ്രതിനിധി ഉണ്ടായിരിക്കണമായിരുന്നെന്ന് അക്തര്‍ പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്താന്‍ ക്രിക്കറ്റിന്റെ പ്രതിനിധികള്‍ ഇല്ലാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ചാംപ്യന്‍സ് ട്രോഫി സമ്മാനിച്ചത്. ചാംപ്യന്മാര്‍ക്കുള്ള ഐക്കോണിക് വൈറ്റ് ബ്ലേസറുകള്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി കൈമാറി. വേദിയിലുണ്ടായിരുന്ന മറ്റ് വിശിഷ്ട വ്യക്തികളില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരും ഉള്‍പ്പെടുന്നു.

Content Highlights: pakistan cricket board file complaint to icc for champions trophy prize ceremony exclution

dot image
To advertise here,contact us
dot image