
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമർശനം തുടർന്ന് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഷദാബ് ഖാനെ ദേശീയ ടി20 ടീമിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എത്തിയ അഫ്രീദി പാകിസ്താൻ ക്രിക്കറ്റ് ഇപ്പോൾ ഐസിയുവിലാണെന്നും ഉടനെ പരിചരിച്ചില്ലെങ്കിൽ അത് വെന്റിലേറ്ററിലെത്തുമെന്നും പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പ് മുതൽ ടീമിൽ നിന്ന് പുറത്തായിരുന്ന ഷദാബ് ഖാനെ വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്കായി സൽമാൻ അലി ആഘയുടെ കീഴിൽ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു. ഇതിനെ എതിർത്ത അഫ്രീദി 'എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചുവിളിച്ചത്? ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്തൊക്കെയാണ്' തുടങ്ങി ചോദ്യങ്ങൾ സെലക്ഷൻ കമ്മറ്റിക്ക് നേരെ ഉയർത്തി.
'തെറ്റായ തീരുമാനങ്ങൾ കാരണം പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലാണെന്നതാണ് വസ്തുത, എന്നാൽ ഇവരുടെ കയ്യിൽ തന്നെയാണ് പാക് ക്രിക്കറ്റ് എങ്കിൽ ഉടനെ തന്നെ നമുക്ക് നമ്മുടെ ടീമിനെ വെന്റിലേറ്ററിൽ കാണാം, അഫ്രീദി കൂട്ടിച്ചേർത്തു. അതേ സമയം ചാംപ്യൻസ് ട്രോഫിയിൽ ദയനീയ പ്രകടനമാണ് ആതിഥേയ രാജ്യമായ പാകിസ്താൻ കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിൽ ഒരു മത്സരത്തിൽ പോലും ജയിക്കാതെ പുറത്തായ ടീമിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.
Content Highlights:Pakistan cricket is in ICU because of incorrect decisions: Shahid Afridi