
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് 2025ന്റെ താരമാകേണ്ടിയിരുന്നത് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ആയിരുന്നുവെന്ന് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. 'എന്റെ അഭിപ്രായത്തിൽ ചാംപ്യൻസ് ട്രോഫിയുടെ താരമാകേണ്ടിയിരുന്നത് വരുൺ ചക്രവർത്തിയാണ്. വരുൺ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കളിച്ചില്ല. എന്നിട്ടും ടൂർണമെന്റിൽ നിർണായക സാന്നിധ്യമാകാൻ വരുണിന് കഴിഞ്ഞു. വരുൺ ഇല്ലായിരുന്നെങ്കിൽ ഈ ടൂർണമെന്റിന് മറ്റൊരു ഫലമാകുമായിരുന്നു. ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടർ ആയിരുന്നു വരുൺ. ഞാനായിരുന്നെങ്കിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായി വരുണിനെ തിരഞ്ഞെടുക്കുമായിരുന്നു.' അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
'ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കിയ വരുൺ ചക്രവർത്തിയുടെ ബൗളിങ് നോക്കൂ. ഫിലിപ്സ് സ്റ്റമ്പ് കവർ ചെയ്തല്ല ബാറ്റ് ചെയ്തത്. അപ്പോൾ വരുൺ വൈഡിൽ നിന്നൊരു ഗൂഗ്ലി എറിഞ്ഞു. ഒരു ടൂർണമെന്റിൽ വലിയ വ്യത്യാസങ്ങൾ കൊണ്ടുവരാൻ കഴിയുന്ന താരത്തിന് പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് നൽകണം.' അശ്വിൻ വ്യക്തമാക്കി.
ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയെയാണ് ചാംപ്യൻസ് ട്രോഫിയുടെ താരമായി തിരഞ്ഞെടുത്തത്. ടൂർണമെന്റിൽ നാല് മത്സരങ്ങൾ കളിച്ച രചിൻ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 251 റൺസ് നേടിയിരുന്നു. 62.75 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച വരുൺ ചക്രവർത്തി ഇന്ത്യയ്ക്കായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. 15.1 ആണ് വരുണിന്റെ ബൗളിങ് ശരാശരി. 4.53 എക്കണോമിയിലാണ് വരുൺ പന്തെറിഞ്ഞത്.
Content Highlights: Ravichandran Ashwin feels Varun Chakravarthy deserved the player of the tournament in CT2025