
ഐസിസി ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു വരുണിന്റെ പ്രതികരണം. ചാംപ്യൻസ് ട്രോഫി കിരീടത്തിനൊപ്പം മറ്റൊരു കപ്പ് ചുണ്ടോട് ചേർത്ത് വരുൺ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ഇതിന് ക്യാപ്ഷനായി വരുൺ എഴുതിയിരിക്കുന്നത് 'ഈ കപ്പിന്റെ രുചി അറിയുവാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവന്നു' എന്നാണ്. എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ അവസരം ലഭിച്ചത് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയെന്ന വാദങ്ങളുമായി വരുണിന്റെ പോസ്റ്റ് ചേർത്തുവായിക്കപ്പെടുന്നുണ്ട്.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് ആതിഥേയരായ പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. സുരക്ഷാ കാരണങ്ങൽ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാകിസ്താനിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചത്. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ നടന്നു. മറ്റ് ടീമുകൾ ഇന്ത്യയ്ക്കെതിരെ മത്സരിക്കാൻ മാത്രമായി ദുബായിലേക്ക് യാത്രചെയ്തു. രണ്ട് വ്യത്യസ്ത രാജ്യങ്ങളിലായി കളിക്കേണ്ടി വന്നത് എതിരാളികൾക്ക് വെല്ലുവിളിയായെന്നും വാദങ്ങൾ ഉയർന്നിരുന്നു.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് വരുൺ ചക്രവർത്തി. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങൾ കളിച്ച വരുൺ ഇന്ത്യയ്ക്കായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. 15.1 ആണ് വരുണിന്റെ ബൗളിങ് ശരാശരി. 4.53 എക്കണോമിയിലാണ് വരുൺ പന്തെറിഞ്ഞത്.
Content Highlights: Varun Chakaravarthy's different message of Champions Trophy win