
ഐസിസി ചാംപ്യൻസ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം വീണ്ടെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (76) അര്‍ധ സെഞ്ച്വറിയും ശ്രേയസ് അയ്യരുടേയും (48) കെ എല്‍ രാഹുലിന്റേയും (34*) ബാറ്റിങ് പ്രകടനങ്ങളും സ്പിന്നര്‍മാരുടെ മിന്നും ബൗളിങ്ങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ആധികാരികമായിട്ടായിരുന്നു ടൂര്‍ണമെന്റില്‍ നീലപ്പടയുടെ വിജയം. ടി20 ലോകകപ്പുപോലെത്തന്നെ ഒരു മത്സരം പോലും തോല്‍ക്കാതെ കലാശപ്പോരിനെത്തിയാണ് കപ്പുയർത്തിയത്. ടീമിനുള്ളിലെ എല്ലാ താരങ്ങളും ഇന്ത്യയ്ക്കായി മികവ് പുലർത്തുകയുണ്ടായി. ഇന്ത്യൻ സ്ക്വാഡിലുള്ള 15 താരങ്ങളിൽ 10 പേരും ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളവരായിരുന്നു. എന്നാൽ ഇത്തവണത്തെ ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ സ്ക്വാഡിൽ ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാത്ത അഞ്ച് താരങ്ങളാണുള്ളത്. അവർ ആരൊക്കെയാണ് എന്ന് നോക്കാം…
വിരാട് കോഹ്ലി
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ ഐപിഎൽ കിരീടം നേടാൻ സാധിക്കാത്ത പ്രധാന താരങ്ങളിൽ ഏറ്റവും മുന്നിലുള്ള താരമാണ് വിരാട് കോഹ്ലി. ഐപിഎല്ലിന്റെ തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനെ പ്രധാന താരമായിരുന്നു കോഹ്ലി. 2013 മുതൽ 2021 വരെ ബാംഗ്ലൂർ ടീമിനെ നയിക്കാനും കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ നായകനെന്ന നിലയിലും കോഹ്ലിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായിരുന്നില്ല.
കെ എൽ രാഹുൽ
2013ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമാണ് രാഹുൽ ഐപിഎൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹൈദരാബാദ് ടീമിലേക്ക് രാഹുൽ ചേക്കേറുകയുണ്ടായി. ശേഷം പഞ്ചാബ് ടീമിനായും ലഖ്നൗ സൂപ്പർ ജയന്റ്സിന് വേണ്ടിയും കളിക്കാൻ രാഹുലിന് അവസരം ലഭിച്ചു. പക്ഷേ നാല് ടീമുകൾക്കൊപ്പവും ഒരിക്കൽപോലും ഐപിഎൽ കിരീടം സ്വന്തമാക്കാൻ രാഹുലിന് സാധിച്ചില്ല. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാണ് രാഹുൽ. ഇതുവരെയും കിരീടം സ്വന്തമാക്കാത്ത ഫ്രാഞ്ചൈസിയാണ് ഡൽഹി.
റിഷഭ് പന്ത്
ഐപിഎല്ലിന്റെ 2016 മുതൽ 2024 വരെയുള്ള എഡിഷനുകളിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു പന്ത്. 3 വർഷത്തോളം ഡൽഹി ഫ്രാഞ്ചൈസിയെ നയിക്കാനുള്ള അവസരം പന്തിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ഡൽഹി ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടില്ല. 2025 ഐപിഎൽ മെഗാ ലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. ഇത്തവണയെങ്കിലും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പന്ത്.
അർഷദീപ് സിംഗ്
2019ൽ പഞ്ചാബ് കിങ്‌സ് ടീമിന് വേണ്ടിയാണ് അർഷദീപ് ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. ശേഷം ടീമിനായി ഇതുവരെ കളിക്കാൻ താരത്തിന് സാധിച്ചു. 2025 മെഗാലേലത്തിൽ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ തിരികെ വാങ്ങിയത്. എന്നാൽ ഇതുവരെയും ഒരു ഐപിഎൽ കിരീടം സ്വന്തമാക്കാൻ അർഷാദീപിന് സാധിച്ചിട്ടില്ല.
വാഷിംഗ്‌ടൺ സുന്ദർ
തന്റെ കരിയറിൽ 3 ഐപിഎൽ സീസണുകളാണ് വാഷിംഗ്ടൺ സുന്ദർ കളിച്ചിട്ടുള്ളത്. ഇതുവരെയും കിരീടം സ്വന്തമാക്കാൻ സുന്ദറിന് സാധിച്ചിട്ടില്ല. റൈസിംഗ് പൂനെ സൂപ്പർജയന്റ് ടീമിനൊപ്പം ആയിരുന്നു വാഷിംഗ്ടൺ കരിയർ ആരംഭിച്ചത്. ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഹൈദരാബാദിനായും താരം കളിച്ചു. 2025 മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് സുന്ദറിനെ സ്വന്തമാക്കിയത്.
Content Highlights: Champions Trophy winner; These five Indian players are now aiming for their maiden IPL title